ഫിഷറീസ് മേഖലയില്‍ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും –മന്ത്രി

തിരുവനന്തപുരം: ഉപഗ്രഹ വിവരങ്ങളുടെ സഹായത്തോടെ കടലിലെ മത്സ്യസമ്പത്ത് കൂടിയ മേഖലകള്‍ മത്സ്യത്തൊഴിലാളികളെ യഥാസമയം മൊബൈലില്‍ അറിയിക്കുന്ന സാങ്കേതികവിദ്യ ഒരുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാവുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യലഭ്യത, അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥ, വിവിധ മാര്‍ക്കറ്റുകളിലെ മത്സ്യവില നിലവാരം വിവരങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ മൊബൈലില്‍ അപ്പപ്പോള്‍ ലഭ്യമാക്കും. ഫിഷറീസ്-ഹാര്‍ബര്‍ എനജിനീയറിങ് മേഖലയില്‍ നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.അപകടത്തില്‍പ്പെടുന്ന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും രക്ഷാപ്രവര്‍ത്തനത്തിനും സാറ്റലൈറ്റ് വിവരങ്ങള്‍ ഉപയോഗിക്കും. ജിയോ സ്പെഷല്‍ മാപ്പിങ് ഉപയോഗിച്ച് തുറമുഖങ്ങള്‍, മത്സ്യകൃഷി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാന ഫിഷറീസ് മാപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ തയാറാക്കും. ഇതിന് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ചെയര്‍മാനായി ഉന്നതതല സാങ്കേതിക സമിതി രൂപവത്കരിച്ചു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍പരമായ ചെലവുകള്‍ കുറക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമായ വിധത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനും സഹായകമായ വിധത്തില്‍ ആധുനിക ഉപഗ്രഹ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ മത്സ്യബന്ധന മേഖലയില്‍ ആവിഷ്കരിക്കുന്നതിന്‍െറ സാധ്യതകളെക്കുറിച്ചും മന്ത്രി ഉദ്യോഗസ്ഥരില്‍നിന്ന് അഭിപ്രായം തേടി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. കെ. രഘുനാഥമേനോന്‍, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.