കഠിനംകുളം കായല്‍: മാലിന്യം നീക്കാന്‍ അടിയന്തര നടപടി –എ.ഡി.എം

തിരുവനന്തപുരം: കഠിനംകുളം കായലിലെ മാലിന്യം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന പോത്തന്‍കോട് ബ്ളോക്, കഠിനംകുളം, മംഗലപുരം, അണ്ടൂര്‍ക്കോണം, അഴൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും റവന്യൂ, ആരോഗ്യ വിഭാഗം, പൊലീസ് എന്നിവരുടെയും സംയുക്ത ആലോചനാ യോഗത്തിലാണ് നിര്‍ദേശം. മാലിന്യനീക്കത്തിന് ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പരമാവധി സഹായം തേടാന്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണം. ബന്ധപ്പെട്ട പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ബ്ളീച്ചിങ് പൗഡര്‍, മരുന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടനടി എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അതത് പഞ്ചായത്തുകള്‍ക്കുകീഴില്‍ വരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണം. പ്രതിരോധ പ്രവര്‍ത്തനത്തിനും ബോധവത്കരണത്തിനും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം. പഞ്ചായത്തുകള്‍ അതത് വാര്‍ഡംഗങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ മുതലായവരുടെ സേവനവും ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തണം. മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ സംബന്ധിച്ച് പ്രദേശത്തെ ബന്ധപ്പെട്ട നാല് പൊലീസ് സ്റ്റേഷനുകളും അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് എ.ഡി.എമ്മിന് ലഭ്യമാക്കണം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ നാട്ടുകാരുടെയും പൊലീസിന്‍െറയും സഹകരണത്തോടെ കര്‍മസമിതി രൂപവത്കരിക്കണം. പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണം. മാലിന്യ നീക്കത്തിന് പഞ്ചായത്തുകള്‍ക്ക് ഫണ്ട് പരിധി ഉള്ളതിനാല്‍ കൂടുതല്‍ തുകക്കായി ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി രൂപരേഖ തയാറാക്കി ഡി.ഡി.പി വഴി സര്‍ക്കാറിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. അതത് പഞ്ചായത്തുകള്‍ ഭൂവുടമകളുടെ അനുമതി തേടി സ്ഥലം കണ്ടത്തെി നല്‍കിയാല്‍ മാലിന്യം കുഴിച്ചുമൂടാനുള്ള സജ്ജീകരണങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ശുചിത്വമിഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെയും സ്വകാര്യ ഏജന്‍സികളുടെയും സഹകരണം ഉറപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ ഇടപെടലും മാലിന്യനീക്കത്തില്‍ അത്യാവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. കായല്‍ സംരക്ഷണത്തിനുവേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളാനും എ.ഡി.എം സ്ഥലം സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.