ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവിന് പുല്ലുവില!

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ മുറിച്ച് പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് വില്‍പന നടത്തുന്നു. മുറിച്ചുവെച്ച പഴങ്ങളും പച്ചക്കറികളും പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് വില്‍പന നടത്തുന്നത് വിലക്കി ആഴ്ചകള്‍ക്ക് മുമ്പാണ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഉത്തരവിറക്കിയത്. മുറിച്ചുവെച്ച ഭക്ഷ്യവസ്തുക്കളുമായി പ്ളാസ്റ്റിക് അംശം ചേരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. നഗരത്തിലെ പല പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും പച്ചക്കറി കഷ്ണങ്ങളാക്കി പ്ളാസ്റ്റിക് കവറില്‍ പാക്ക് ചെയ്താണ് എത്തുന്നത്. അവിയല്‍, സാമ്പാര്‍ തുടങ്ങിയവക്കാവശ്യമായ പച്ചക്കറികളാണ് മുറിച്ച് പാക്കറ്റിലാക്കുന്നത്. പടവലം, ചേന, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് ഇത്തരത്തില്‍ ചേരുവക്കാവശ്യമായ മറ്റ് പച്ചക്കറി ഇനങ്ങള്‍ക്കൊപ്പം മുറിച്ചുവെക്കുന്നത്. ദിവസങ്ങളോളം ശീതീകരിച്ച ഇടങ്ങളില്‍ ഇവ സൂക്ഷിക്കുമ്പോഴും പ്ളാസ്റ്റിക് കവര്‍ ആവരണം വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാത്രവുമല്ല, കീടനാശിനി പ്രയോഗിച്ച പച്ചക്കറികള്‍ മുറിച്ച് ഒന്നിച്ചുവെക്കുന്നതും കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മുറിച്ച് പ്ളാസ്റ്റിക് കവറുകളിലാക്കിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പന വിലക്കി ഉത്തരവിറക്കിയത്. എന്നാല്‍, ഉത്തരവിറക്കിയതല്ലാതെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. യൂനിവേഴ്സിറ്റി കോളജിന് സമീപത്തെ വന്‍കിട കമ്പനിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഇപ്പോഴും പച്ചക്കറി മുറിച്ച് പ്ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചാണ് വില്‍പന. അവിയല്‍ മിക്സ്, സാമ്പാര്‍ മിക്സ് എന്നിങ്ങനെയുള്ള പേരിലാണ് ഇവ വില്‍പനക്ക് വെച്ചിരിക്കുന്നത്. പുറമെ, കാബേജും രണ്ടായി മുറിച്ച് പ്ളാസ്റ്റിക് കവറില്‍ വില്‍പനക്ക് വെച്ചിട്ടുണ്ട്. ഭക്ഷ്യവിപണിയില്‍ പ്ളാസ്റ്റിക്കിന്‍െറ ഉപയോഗംമൂലം ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഈ കച്ചവടം. പാചകംചെയ്യാന്‍ പാകത്തിന് (റെഡി ടു കുക്ക്) പ്ളാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ളാസ്റ്റിക് പാക്കറ്റുകളിലുമാക്കിയ പഴം, പച്ചക്കറികള്‍ വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി ഓണത്തിന് മുമ്പ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത്തരം വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇവ പിന്‍വലിക്കേണ്ടതും നിര്‍ദേശം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമീഷണര്‍ വ്യക്തമാക്കിയിരുന്നു. ഉല്‍പന്നങ്ങള്‍ ചൂടോടെ പ്ളാസ്റ്റിക് കണ്ടയിനറുകളില്‍ നിറച്ചുവില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പലയിടങ്ങളിലും ഓണത്തിനും ശേഷവും പായസം ഉള്‍പ്പെടെയുള്ളവ ചൂടോടെ പ്ളാസ്റ്റിക് കണ്ടെയ്നറുകളില്‍ നിറച്ച് വില്‍പന നടത്തുകയാണ്. ഉത്തരവിറങ്ങിയിട്ടും നടപടിയില്ലാത്തതിനാല്‍ നിയമവിരുദ്ധ വില്‍പന വന്‍കിട സ്ഥാപനങ്ങളില്‍ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.