ഘോഷയാത്രക്ക് മിഴിവേകി ജിനന്‍െറ ഫ്ളോട്ടുകള്‍ ഇന്ന് നിരത്തില്‍

വള്ളക്കടവ്: പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഓണം വാരാഘോഷ സമാപന ഘോഷയാത്രയില്‍ ജിനന്‍െറ രൂപകല്‍പനയില്‍ വിരിഞ്ഞ 13 ഫ്ളോട്ട് വിവിധ വകുപ്പുകള്‍ക്കായി മിഴിതുറക്കും. കഴിഞ്ഞ വര്‍ഷവും ജിനന്‍െറ കരവിരുതില്‍ മ്യൂസിയത്തിനുവേണ്ടിയും നബാര്‍ഡിനുവേണ്ടിയും കിഡ്സിനുവേണ്ടിയും നിരത്തിലിറങ്ങിയ ഫ്ളോട്ടുകള്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. സൗദി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവിന് സമ്മാനിച്ച മസ്ജിദിന്‍െറ സുന്ദരമാതൃക നിര്‍മിക്കാന്‍ ബാലരാമപുരം സ്വദേശിയായ ജിനന് വേണ്ടിവന്നത് നാലുദിവസത്തെ കഠിനപ്രയത്നമായിരുന്നു. 10 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും ഒമ്പത് ഇഞ്ച് ഉയരവുമുള്ള മനോഹരമായ മാളികപ്പുരയുടെ രൂപത്തിലുള്ള കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്ജിദിന്‍െറ മാതൃക പിത്തളയില്‍ തീര്‍ത്ത് സ്വര്‍ണം പൂശിയെടുക്കുകയാണ് ചെയ്തത്. വലിയവെല്ലുവിളി സധൈര്യം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് ഇക്കുറി ജിനന്‍ ഫ്ളോട്ടുകള്‍ അണിയിച്ചൊരുക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ നാഷനല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കേരളത്തിന് എട്ടുതവണ ഈ 44 കാരന്‍െറ കരവിരുതില്‍ സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്. മുസ്രിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനത്തിനത്തെിയ രാഷ്ട്രപതിക്ക് സമ്മാനിച്ച പായ്ക്കപ്പലിന്‍െറ മാതൃക നിര്‍മിച്ചതും ജിനനാണ്. ഇടുക്കി രാമക്കല്‍മേട്ടിലെ കുറവനും കുറത്തിയും കോഴിക്കോട് ചെലവൂരില്‍ രൂപകല്‍പന ചെയ്ത ഇന്ത്യയിലെ ആദ്യ ട്രൈബല്‍ മ്യൂസിയം, തൃശൂര്‍ ഒല്ലൂരിലെ ആയുര്‍വേദ മ്യൂസിയം, തെന്മല ഇക്കോ ടൂറിസത്തിന്‍െറ രൂപകല്‍പന എന്നിവ ജിനന്‍െറ കരവിരുതില്‍ ചിലതുമാത്രം. സ്വന്തം ഗ്രാമമായ കൈത്തറിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ബാലരാമപുരത്ത് കൈത്തറിയുടെ സ്മരണ നിലനിര്‍ത്തുന്ന പദ്ധതി ചെയ്യാനുള്ള തയാറെടുപ്പിലാണ് ജിനന്‍. അതിനിടെയാണ് ഇക്കുറിയും ഫ്ളോട്ടുകളുടെ ചുമതല ജിനനെ തേടിയത്തെിയത്. അഞ്ചുദിവസം മാത്രമാണ് ഇക്കുറി ഫ്ളോട്ടുകള്‍ ഒരുക്കാന്‍ കിട്ടിയത്. 40ഓളം കലാകാരന്മാരാണ് ഇക്കുറി ഫ്ളോട്ടുകള്‍ ഒരുക്കാന്‍ ജിനന്‍െറ കൂടെയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.