തിരുവനന്തപുരം: അപകടങ്ങളാല്‍ നിശ്ശബ്ദമായ സന്തോഷങ്ങളും ആരവങ്ങളും നീണ്ട ഇടവേളക്ക് ശേഷം കണ്‍മുന്നില്‍ നിറഞ്ഞതിന്‍െറ ആഹ്ളാദത്തിലായിരുന്നു ഇവര്‍. ദുരന്തങ്ങള്‍ സമ്മാനിച്ച വൈകല്യങ്ങളും അവശതയും രണ്ടുമണിക്കൂര്‍ നേരത്തേക്ക് ഇവര്‍ മറന്നു. ഓണാഘോഷങ്ങളില്‍ നഗരമമരുമ്പോള്‍ സിനിമാതിയറ്ററിന്‍െറ ഇരുട്ടില്‍ ഇവരും സ്വയംമറന്നു. അപകടങ്ങളില്‍പെട്ട് ശരീരം തളര്‍ന്ന 12 പേരെയും കുടുംബത്തെയും ഫ്രീഡം ഓണ്‍ വീല്‍സ് എന്ന സംഘടനയാണ് നഗരത്തിലെ ഏരീസ് തിയറ്ററിലത്തെിച്ചത്. പലരും 15 ഉം 20 ഉം വര്‍ഷമായി സിനിമ കണ്ടിട്ട്. മള്‍ട്ടിപ്ളക്സും ഡി.ടി.എസും വരുന്നതിനു മുമ്പായിരുന്നു ഇവരില്‍ പലരുടെയും തിയറ്റര്‍ സിനിമാനുഭവം. അതിനാല്‍ മാറിയ സിനിമാസങ്കേതങ്ങളില്‍ കൗതുകത്തോടെയാണ് ഇവര്‍ വന്നിരുന്നത്. എല്ലാവരും വീല്‍ ചെയറിലാണ് തിയറ്ററിലത്തെിയത്. സുന്ദര്‍ദാസ് സംവിധായകനും ദിലീപ് നായകനുമായ വെല്‍കം ടു സെന്‍ട്രല്‍ ജയിലായിരുന്നു അവര്‍ കണ്ടത്. ചെറുപ്പത്തില്‍ മരച്ചില്ല ദേഹത്ത് വീണ് പരിക്കുപറ്റിയ ചടയമംഗലത്തുള്ള ബിനു സലാം അവസാനമായി തിയറ്ററില്‍ പോയി കണ്ട സിനിമ സ്ഫടികമാണ്, അതും 22 വര്‍ഷം മുമ്പ്. മുരുക്കുമ്പുഴയുള്ള സിന്ധു സിനിമ കണ്ടിട്ട് 15 വര്‍ഷമായി. തിയറ്ററുകളില്‍ റാംപ് സൗകര്യം ഇല്ലാത്തതാണ് ഇവരുടെ തിയറ്റര്‍ കാഴ്ചകള്‍ക്ക് തടയിടുന്നത്. കഴിഞ്ഞദിവസം സംഘടനയുടെ ഭാരവാഹികളിലൊരാളായ സുജേഷ് ആന്‍പോള്‍ സിനിമ കാണാന്‍ എത്തിയപ്പോഴുണ്ടായ ബുദ്ധിമുട്ട് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ അംഗപരിമിതര്‍ക്കുവേണ്ടി റാംപ് പണിയുകയായിരുന്നു. അപകടങ്ങളില്‍ പരിക്കേറ്റ് നടക്കാന്‍ കഴിയാത്ത 40 ഓളം പേര്‍ ഫ്രീഡം ഓണ്‍ വീല്‍സില്‍ അംഗങ്ങളായുണ്ട്. അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, ഷോപ്പിങ് മാളുകളും തിയറ്ററുകളും അംഗപരിമിത സൗഹൃദ രീതിയില്‍ പണിയുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.