പുതുമോടിയില്‍ ശ്രീചിത്ര ആര്‍ട്ട്ഗാലറി തുറന്നു

തിരുവനന്തപുരം: പുതുമോടിയില്‍ മിഴിവോടെ ശ്രീചിത്ര ആര്‍ട്ട്ഗാലറി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മയുടെ വിസ്മയ ചിത്രങ്ങളാല്‍ സമ്പന്നമാണ് തിരുവനന്തപുരം മ്യൂസിയത്തിലെ നവീകരണം പൂര്‍ത്തിയായ ശ്രീചിത്ര ആര്‍ട്ട് ഗാലറി. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് സ്ഥാപിച്ച ആര്‍ട്ട്ഗാലറി നവീകരണത്തിനു ശേഷം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതിന്‍െറയും പുതുതായി പണികഴിപ്പിച്ച കുട്ടികളുടെ പാര്‍ക്ക്, ഗാര്‍ഡന്‍ ഓഫിസ് മന്ദിരം എന്നിവയുടെയും ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍വഹിച്ചു. രാജാരവിവര്‍മയുടെ ചിത്രങ്ങള്‍തന്നെയാണ് ആര്‍ട്ട് ഗാലറിയുടെ പെരുമ. രവിവര്‍മയുടെ പ്രശസ്ത ചിത്രങ്ങളായ ദര്‍ഭമുനകൊണ്ട ശകുന്തുളയും നളന് സന്ദേശം നല്‍കുന്ന ദമയന്തിയും പാല്‍ക്കുടമേന്തിയ ഉത്തരേന്ത്യന്‍ കന്യകയും എല്ലാം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും. രാജാരവിവര്‍മയുടെ 43 രചനകളുള്‍പ്പെടെ പ്രശസ്തരായ നിരവധി ചിത്രകാരന്മാരുടെ 1050ഓളം കലാ രചനകള്‍കൊണ്ട് സമ്പന്നമാണ് നവീകരിച്ച ആര്‍ട്ട് ഗാലറി. ചിത്രങ്ങളുടെ വിവരങ്ങള്‍ ടച്ച് സ്ക്രീനില്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്കും പുതുതായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് നൂതനമായ 25ല്‍ പരം റൈഡുകളുള്ള പുതിയ പാര്‍ക്കാണ് തുറന്നിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷമുള്ള സമ്മേളനവും മന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആര്‍ട് ഗാലറിക്കായി പുതിയ കെട്ടിടം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, മ്യൂസിയം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.