വ്യാജസ്വര്‍ണം പണയംവെച്ച് 10 ലക്ഷത്തോളം തട്ടിയ യുവതി പിടിയില്‍

നെയ്യാറ്റിന്‍കര: വ്യാജ സ്വര്‍ണം പണയംവെച്ച് പണം തട്ടുന്ന യുവതി മാരായമുട്ടം പൊലീസ് പിടിയില്‍. പെരുങ്കടവിള, ആങ്കോട്, പനങ്കോട്ടുകോണം വിശാഖം വീട്ടില്‍ വിജയലക്ഷ്മി (28)യാണ് പിടയിലായത്. ചൊവ്വാഴ്ച മാരായമുട്ടം അരുവിയോടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് 1,28,000 രൂപ തട്ടിയശേഷം ഉച്ച തിരിഞ്ഞ് വീണ്ടും കൂടുതല്‍ തുകക്ക് പണയം വെക്കാനത്തെുമ്പോഴാണ് പൊലീസ് പിടിയിലായത്. യുവതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ലഭിച്ച രേഖകളുമായി പൊലീസ് തമിഴ്നാട് കണ്ണുവാമൂട് മുത്തൂറ്റ് ശാഖയില്‍ പരിശോധന നടത്തിയപ്പോഴാണ് വലിയ തട്ടിപ്പ് പുറത്തായത്. രണ്ട് വര്‍ഷമായി കണ്ണുവാമൂട് മുത്തൂറ്റ് ശാഖയില്‍ ഇടപാടുകള്‍ നടത്തി സ്ഥാപനത്തിന്‍െറ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. 10 അക്കൗണ്ടുകളിലായി ഏഴ് ഇടപാടുകള്‍ക്ക് ഒറിജിനല്‍ സ്വര്‍ണം നല്‍കിയശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ മൂന്ന് ഇടപാടുകളില്‍ വ്യാജ സ്വര്‍ണം നല്‍കി പണം തട്ടുകയായിരുന്നു. കണ്ണുവാമൂട് ശാഖയില്‍നിന്ന് മാത്രം 7.78 ലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് പളുകലില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ 1.52 ലക്ഷം രൂപയുടെ തട്ടിപ്പ് പ്രതി നടത്തിയെങ്കിലും തട്ടിപ്പ് പുറത്തറിഞ്ഞതോടെ പണം തിരികെ നല്‍കി കേസ് ഒതുക്കിത്തീര്‍ത്തിരുന്നു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിനായി വാങ്ങിവെച്ചിരുന്ന 237 ഗ്രാം വ്യാജ സ്വര്‍ണവും ഒരുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. പാറശ്ശാലയിലെ വണ്‍ ഗ്രാം സ്വര്‍ണം വില്‍ക്കുന്ന കടയില്‍നിന്ന് മാത്രം ഒരുലക്ഷം രൂപയിലധികം വ്യാജസ്വര്‍ണം വാങ്ങിയതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്. മാരായമുട്ടം എസ്.ഐ. ഹരിലാലിന്‍െറ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.