നഗരത്തില്‍ കാമറകള്‍ മിഴിയടയ്ക്കുന്നു; രാത്രികാല ദൃശ്യങ്ങള്‍ ലഭ്യമല്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടത്തൊനും മറ്റുമായി നിരത്തുകളില്‍ പൊലീസ് സ്ഥാപിച്ച കാമറകള്‍ പലതും പ്രവര്‍ത്തനരഹിതം. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ ദൃശ്യങ്ങള്‍ വ്യക്തവുമല്ല. നൈറ്റ്വിഷന്‍ കാമറകളാണെന്നും എച്ച്.ഡി ക്വാളിറ്റി ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നും മേനിപറഞ്ഞ് അധികൃതര്‍ സ്ഥാപിച്ച കാമറകളാണ് ഇപ്പോള്‍ തകരാറിലായിരിക്കുന്നത്. ഓണക്കാലത്ത് നഗരത്തില്‍ തിരക്കേറിവരുകയാണ്. ഈ സാഹചര്യത്തില്‍ മോഷണവും പിടിച്ചുപറിയും ഏറാനുള്ള സാധ്യത കൂടുതലാണ്. കാമറകളുടെ ദുരവസ്ഥ തുടര്‍ന്നാല്‍ അത് പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗതാഗതനിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നഗരത്തിലെ നൂറോളം കവലകളില്‍ കാമറ സ്ഥാപിച്ചിട്ടുള്ളത്. ഇതുകൂടാതെ മാലിന്യം തള്ളുന്നത് തടയാനെന്ന പേരിലും കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ അവസ്ഥയും മറ്റൊന്നല്ല. രാത്രികാലങ്ങളിലാണ് കാമറയുടെ സഹായം കൂടുതല്‍ ആവശ്യമായി വരുന്നത്. എന്നാല്‍, രാത്രിയില്‍ ഇവയില്‍ ദൃശ്യങ്ങള്‍ ലഭ്യമാകില്ലത്രെ. മിക്കപ്പോഴും ഒരു നിഴല്‍ മാത്രമാകും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുക. അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളെയും മോഷ്ടാക്കളെയും ഇതിലൂടെ തിരിച്ചറിയാനാവില്ല. കാമറകളെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ശക്തമാകുമ്പോള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവുകയും പുതിയ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. എന്നാല്‍, ആറുമാസം പൂര്‍ത്തിയാകുംമുമ്പ് അവയും പണിമുടക്കും. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്നതാണ് പ്രശ്നകാരണം. ഇത്തരം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് നവീകരണത്തിന് ലഭിക്കുന്ന ഫണ്ട് ഇഷ്ടക്കാരായ കമ്പനികള്‍ക്ക് മറിച്ചുനല്‍കാനുള്ള പൊലീസ് ഉന്നതരുടെ നീക്കം തടയാന്‍ ബദല്‍ സംവിധാനം വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.