തിരുവനന്തപുരം: ലൈസന്‍സില്ലാതെ ഉപയോഗിക്കുന്നെന്ന പരാതിയില്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് വയര്‍ലെസ് സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. 18 മോട്ടറോള സെറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ സതീശിനെതിരെ കേസെടുത്തു. ക്ഷേത്രം ഓഫിസില്‍ പരിശോധനക്ക് ഫോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച രാവിലെ എത്തിയെങ്കിലും എക്സിക്യൂട്ടിവ് ഓഫിസര്‍ അനുമതി നല്‍കിയില്ല. ജീവനക്കാര്‍ സമരത്തിലായതിനാല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നില്ളെന്നും അവരുടെ അസാന്നിധ്യത്തില്‍ പരിശോധന നടത്താനാകില്ളെന്നുമാണ് സതീശ് അറിയിച്ചത്. സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമേ വയര്‍ലെസ് സെറ്റ് പരിശോധിക്കാനാകൂവെന്നും എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഇതോടെ, ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ ജഡ്ജിയുടെ നിര്‍ദേശാനുസരണം എത്തിയ പൊലീസ് മടങ്ങി. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വൈകീട്ട് നടത്തിയ പരിശോധനയിലാണ് സെറ്റുകള്‍ പിടിച്ചെടുത്തത്. അതേസമയം, ക്ഷേത്രത്തില്‍ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയിട്ടില്ളെന്ന് സതീശ് ‘മാധ്യമ’ത്തോട് പറഞ്ഞു. എലി ശല്യമുള്ളതിനാല്‍ ക്ഷേത്രത്തിലെ ടെലിഫോണ്‍ ഇന്‍റര്‍കോം പ്രവര്‍ത്തിക്കുന്നില്ല. ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനരഹിതമാകുന്നതും പതിവാണ്. സുരക്ഷാകാരണങ്ങളാല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ തീരുമാനിക്കുകയും ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ക്ഷേത്രക്കെട്ടില്‍ എല്ലായിടത്തും വയര്‍ലെസ് സിഗ്നല്‍ ലഭ്യമാണോയെന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ ഫീസിബിലിറ്റി ടെസ്റ്റ് നടത്താന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് സാങ്കേതിക അനുമതിയും ലൈസന്‍സുമുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അവര്‍ ക്ഷേത്രത്തില്‍ 10 സ്ഥലങ്ങളില്‍ വയര്‍ലെസ് സിഗ്നല്‍ പരിശോധിക്കാനത്തെിയിരുന്നു. സിഗ്നല്‍ ലഭിക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ വയര്‍ലെസ് സെറ്റ് ലൈസന്‍സിന് കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതു ലഭ്യമായാല്‍ മാത്രമേ വയര്‍ലെസ് സംവിധാനം ഉപയോഗിക്കാനാകൂ. 1.75 ലക്ഷം രൂപയാണ് ഇതിനു ചെലവഴിക്കുന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഫീസിബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങളാണ് പരാതിക്ക് ആധാരമെന്നും സതീശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.