നിരത്തുകള്‍ വിജനം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയനകളുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയിലും പൂര്‍ണം. കടകള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യവസായശാലകള്‍ തുടങ്ങിയവയൊന്നും പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വിസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സിയുടെ 71 ഓളം ദീര്‍ഘദൂര സര്‍വിസുകള്‍ വ്യാഴാഴ്ച രാത്രി 12 ഓടെ വിവിധ സ്ഥലങ്ങളിലായി സര്‍വിസ് അവസാനിപ്പിച്ചു. ഓട്ടോകളും നിരത്തിലിറങ്ങിയില്ല. അതേസമയം, ടെക്നോപാര്‍ക്കിനെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. പാളയത്തും ആറ്റിങ്ങലിലും സമരാനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. എന്നാല്‍ മരണം, വിവാഹം, വിമാനത്താവളം, ആശുപത്രി എന്നീ ആവശ്യങ്ങള്‍ക്ക് പോയ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. തിരുവനന്തപുരത്ത് സവാരിക്കത്തെിയ ബി.എം.എസ് യൂനിയനില്‍പ്പെട്ട ഓട്ടോ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു. പി.എം.ജിക്ക് സമീപം ചാര്‍ട്ടേഡ് അകൗണ്ടന്‍റിന്‍െറ ഓഫിസ് അടപ്പിച്ചു. തമ്പാനൂര്‍, സിറ്റി സ്റ്റാന്‍ഡുകളും വിജനമായിരുന്നു. ജില്ലയിലെ മറ്റ് ഡിപ്പോകളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതേസമയം, ട്രെയിന്‍ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍, ട്രെയിന്‍ യാത്ര കഴിഞ്ഞ് തമ്പാനൂരില്‍ എത്തിയവര്‍ വലഞ്ഞു. ബൈക്ക് യാത്രികരുടെ കനിവിലാണ് പലരും സ്റ്റേഷന്‍ വിട്ടത്. സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതത്തിലായത്. പൊലീസ് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായിരുന്നു ഏക ആശ്വാസം. പെട്രോള്‍ പമ്പുകളെല്ലാം അടഞ്ഞുകിടന്നു. ചാല, പാളയം മാര്‍ക്കറ്റുകള്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. രാവിലെ അപൂര്‍വം ചിലര്‍ കച്ചവടത്തിനത്തെിയെങ്കിലും അവരും മടങ്ങി. രാവിലെ മുതല്‍തന്നെ ഇരുചക്രവാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റില്‍ ഹാജരായത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രം. കെ.എസ്.ആര്‍.ടി.സിയിലെ ഹാജര്‍നില 10 ശതമാനത്തില്‍ താഴെനിന്നു. കലക്ടറേറ്റുകളിലെ സ്ഥിതിയും ഇതുതന്നെ. ഏജീസ് ഓഫിസില്‍ മാത്രമാണ് അല്‍പം മെച്ചപ്പെട്ട ഹാജര്‍നില രേഖപ്പെടുത്തിയത്. മന്ത്രിമാരാരും ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫിസുകളില്‍ എത്തിയില്ല. മന്ത്രി ടി.പി. രാമകൃഷ്ണന്‍ നന്തന്‍കോട്ടുള്ള ഒൗദ്യോഗിക വസതിയായ എസെന്‍ഡെയ്ലില്‍നിന്ന് രാവിലെ കാല്‍നടയായാണ് എ.കെ.ജി സെന്‍ററിലത്തെിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വഴുതക്കാട്ടുള്ള ഒൗദ്യോഗികവസതിയായ റോസ് ഹൗസിലേക്ക് പുറപ്പെട്ടതും കാല്‍നടയായി. സെക്രട്ടേറിയറ്റിന് സമീപത്ത് പ്രത്യേക പന്തലൊരുക്കിയായിരുന്നു പണിമുടക്കിന്‍െറ ഭാഗമായ പ്രതിഷേധം. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ചടങ്ങിനെ അഭിസംബോധന ചെയ്യാന്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.