സുരക്ഷാജീവനക്കാരനെ ആക്രമിച്ച് ബാങ്ക് കവര്‍ച്ചനടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വെഞ്ഞാറമൂട്: സുരക്ഷാജീവനക്കാരനെ ആക്രമിച്ച് ബാങ്കില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നെല്ലനാട് ഭൂതമടക്കി പുത്തന്‍വീട്ടില്‍ പി. കൃഷ്ണന്‍കുട്ടിനായരാണ് (64) പിടിയിലായത്. കഴിഞ്ഞ 23ന് രാത്രി വെഞ്ഞാറമൂട് സര്‍വിസ് സഹകരണബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ മക്കാംകോണം സ്വദേശി ജയചന്ദ്രന്‍നായരെ (39) ആക്രമിച്ചശേഷം മോഷണം നടത്താനായിരുന്നു ശ്രമമെങ്കിലും പരാജയപ്പെട്ടു. 50 ലക്ഷത്തില്‍പരം രൂപയുടെ കടബാധ്യതയുള്ള കൃഷന്‍കുട്ടി പലരില്‍നിന്നായി വസ്തു വിലയ്ക്ക് വാങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രമാണം കൈക്കലാക്കി ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്തെ ബാങ്കില്‍നിന്നെടുത്ത 28 ലക്ഷം രൂപയുടെയും ബാധ്യത തീര്‍ക്കാനാണ് മോഷണത്തിനിറങ്ങിയത്. ഒരുമാസത്തെ നിരീക്ഷണത്തിനുശേഷം ബാങ്കിന്‍െറ സുരക്ഷയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയായിരുന്നു മോഷണശ്രമം. ആദ്യതവണ സുരക്ഷാ ജീവനക്കാരന്‍െറ കണ്ണുവെട്ടിച്ച് ഉള്ളില്‍ കടന്നെങ്കിലും മറ്റ് വാതിലുകള്‍ അടഞ്ഞുകിടന്നതിനാല്‍ പരാജയപ്പെട്ടു. സംഭവത്തിന് രണ്ടാഴ്ച മുമ്പ് ബാങ്കിന്‍െറ മുകള്‍നിലയില്‍ കയറി കൂടിക്കിടന്ന ചവറിനിടയില്‍ കട്ടര്‍ മെഷീന്‍ ഒളിപ്പിച്ചു. ഇതുപയോഗിച്ചാണ് ലോക്കര്‍ അറുക്കാന്‍ ശ്രമിച്ചത്. 23ന് രാത്രി പത്തോടെ പിന്‍വശത്തെ വീടിന്‍െറ ഭാഗത്തുകൂടി ബാങ്ക് കെട്ടിടത്തില്‍ കയറി. സ്റ്റെയര്‍കേസ് വഴി ഉള്ളില്‍കടന്നു. പുലര്‍ച്ചെ രണ്ടുമണിവരെ ഡൈനിങ് ഹാളിലെ മേശയുടെ അടിയില്‍ പതുങ്ങി ഇരുന്നു. സുരക്ഷാ ജീവനക്കാരന്‍ വിശ്രമിക്കാന്‍ കിടന്ന തക്കത്തിന് ബാങ്കിന്‍െറ മാലിന്യക്കൂട്ടത്തില്‍ കിടന്ന ഷേക്കബ്സര്‍ (ബൈക്കിന്‍െറ ഭാഗം) ഉപയോഗിച്ച് സെക്യൂരിറ്റിയുടെ തലയില്‍ അടിച്ചു. ശേഷം കട്ടര്‍ ഉപയോഗിച്ച് പൂട്ടുകള്‍ അറുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും ഇടക്കിടെ സെക്യൂരിറ്റിക്കാരന്‍െറ നിലവിളിയും നേരം പുലര്‍ന്നെന്ന ആശങ്കയുംമൂലം ശ്രമം ഉപേക്ഷിച്ച് റൂഫിങ് ഷീറ്റിന്‍െറ സ്ക്രൂകള്‍ ഇളക്കി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ മധുരക്കും അവിടെനിന്ന് മുംബൈക്കും കടന്നു. ഏറെക്കാലം മുബൈയില്‍ ചായക്കട നടത്തിയിട്ടുണ്ട്. അവിടെ ജോലിക്ക് ശ്രമിച്ച് പരാജപ്പെട്ടതോടെ തിരികെ മടങ്ങുകയായിരുന്നു. കോഴിക്കോടും എറണാകുളത്തും ഇതിനിടെ ഒളിവില്‍ കഴിഞ്ഞു. വ്യാഴാഴ്ച തിരികെ തിരുവനന്തപുരത്തത്തെി വീട്ടില്‍ പോകാനായി വെഞ്ഞാറമൂടിനുസമീപം എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.