കാത്തിരിപ്പിന് വിരാമം; കീഴ്പേരൂര്‍ പാലം പുനര്‍നിര്‍മിക്കുന്നു

കിളിമാനൂര്‍: ദേശീയപാതയെ സംസ്ഥാന ഹൈവേയുമായി ബന്ധിപ്പിക്കുന്ന കല്ലമ്പലം-പോങ്ങനാട്-കിളിമാനൂര്‍ റോഡിലെ കീഴ്പേരൂര്‍ പാലത്തിന്‍െറ പുനര്‍നിര്‍മാണം നാട്ടുകാര്‍ക്ക് ആഹ്ളാദമായി. പതിറ്റാണ്ടായുള്ള കാത്തിരിപ്പാണ് യാഥാര്‍ഥ്യമാകുന്നത്. 1951കാലഘട്ടത്തിലാണ് പോങ്ങനാട് കല്ലമ്പലം റോഡില്‍ കീഴ്പേരൂര്‍ തോടിന് കുറുകെ പാലംനിര്‍മിച്ചത്. അന്ന് നാലുമീറ്ററില്‍താഴെ മാത്രമേ റോഡിനുവീതിയുണ്ടായിരുന്നുള്ളൂ. കാലാന്തരത്തില്‍ റോഡിന്‍െറ വീതികൂടിയെങ്കിലും പാലം അതേപടി തുടര്‍ന്നു. നിലവില്‍ റോഡിന് പത്തടിയോളം വീതിയായി. നിരവധി തവണ റോഡ്വികസനം നടന്നിട്ടും പാലത്തിന് മാത്രം മാറ്റമുണ്ടായില്ല. ഇതിനിടെ പാലത്തിന്‍െറ അടിഭാഗം പൊളിഞ്ഞുവീണു തുടങ്ങി. കൊടുംവളവിലെ വീതികുറഞ്ഞ പാലം നിരന്തരം അപകടങ്ങള്‍ക്കും കാരണമായി. നിരവധി സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ബൈക്ക് യാത്രക്കാരന്‍ തോട്ടിലേക്ക് വീണ് മരിക്കുകയും ചെയ്തു. കഴിഞ്ഞ മേയ് 27ന് ഓട്ടോയും പിക്-അപ് ലോറിയും കൂട്ടിയിടിച്ചതാണ് അവസാനമുണ്ടായ അപകടം. തലനാരിഴക്കാണ് ഓട്ടോ ¥്രെഡവര്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ‘അപകടക്കെണിയായി കീഴ്പേരൂര്‍ പാലം’ എന്ന തലക്കെട്ടില്‍ പാലത്തിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങളും നാട്ടുകാര്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എക്ക് നല്‍കി. ഇതോടെയാണ് പോങ്ങനാട് പുതുശ്ശേരിമുക്ക് റോഡ് നിര്‍മാണത്തിന് അനുവദിച്ച ഫണ്ടിനൊപ്പം പാലംകൂടി പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മാണമെന്നും അഞ്ചരകിലോ മീറ്റര്‍റോഡ് നിര്‍മാണത്തിന് ആറുകോടി രൂപയാണ് ചെലവെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.