തെരുവുനായ് വന്ധ്യംകരണം: ആറിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത്

തിരുവനന്തപുരം: തെരുവുനായ് വന്ധ്യംകരണത്തില്‍ കോര്‍പറേഷന്‍െറ മെല്ളെപ്പോക്ക് മറികടന്ന് ജില്ലാപഞ്ചായത്ത് ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെങ്കിലും നായ്പിടിത്തക്കാരുടെ കുറവ് പ്രതിസന്ധിയാകുന്നു. പുതുതായി തെരഞ്ഞെടുത്ത 18 ട്രെയ്നികളും ആറ് ട്രെയ്നര്‍മാരും അടക്കം 24 പേരുടെ സംഘം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വന്ധ്യംകരണത്തിനായി നായ്പിടിത്തം നടത്തുകയാണ്. ചൊവ്വാഴ്ച മുതല്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് സമ്പൂര്‍ണ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ഡ് ജില്ലയായി പ്രഖ്യാപിക്കാനാകുന്ന തരത്തില്‍ വിപുല പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ വന്ധ്യംകരണം നടത്തുന്ന സ്ഥലങ്ങളെ കൂടാതെ കഴക്കൂട്ടം, കിളിമാനൂര്‍, വാമനപുരം, നെടുമങ്ങാട്, വെള്ളനാട്, അരുവിക്കര എന്നിവിടങ്ങളിലാണ് പുതുതായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. നിലവില്‍ പാറശ്ശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ഇലകമണ്‍, പി.എം.ജി ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളിലാണ് ഇത് നടക്കുന്നത്. കൂടാതെ വന്ധ്യംകരിച്ചവയെ മുറിവ് ഉണങ്ങുന്നതുവരെ പാര്‍പ്പിക്കേണ്ടതിനാല്‍ അതിവേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാകുന്നില്ളെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ 15 നായ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകളാണുള്ളത്. ഇത് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജില്ലയില്‍ നായ്കടിയേറ്റ് എത്തുന്നവരുടെ എണ്ണത്തിന് കുറവില്ല. കഴിഞ്ഞദിവസം മാത്രം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയവരുടെ എണ്ണം 15 ലധികമാണ്. മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി എടുക്കുമ്പോള്‍ അമ്പത് കഴിയും. ഗ്രാമ- നഗര വ്യത്യാസമില്ലാതെയാണ് ആളുകള്‍ കടിയേറ്റ് എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.