മെഡിക്കല്‍കോളജിലെ ഡീലക്സ് പേവാര്‍ഡ് നിരക്ക് കുത്തനെ ഉയര്‍ത്തി

തിരുവനന്തപുരം: മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡീലക്സ് പേവാര്‍ഡുകളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി. കേരള ഹെല്‍ത്ത് റിസര്‍ച് വെല്‍ഫെയര്‍ സൊസൈറ്റിക്ക് (കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്) കീഴിലെ 55 ഡീലക്സ് പേവാര്‍ഡുകളുടെ നിരക്കാണ് അറ്റകുറ്റപ്പണിക്ക് ശേഷം വര്‍ധിപ്പിച്ചത്. ടൈല്‍സ് പാകിയ ഡീലക്സ് പേവാര്‍ഡുകള്‍ക്ക് ഒരു ദിവസത്തേക്ക് നേരത്തേ 380ഉം മൊസൈക് പാകിയവക്ക് 325 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. എ.സി മുറികള്‍ക്ക് 900 രൂപയുമായിരുന്നു. എന്നാല്‍, 380 രൂപക്കും 325നും നല്‍കിയിരുന്ന പേവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ 600 രൂപയാണ് ഈടാക്കുന്നത്. എ.സി മുറിയുടെ നിരക്ക് 1100 രൂപയായും വര്‍ധിപ്പിച്ചു. അറ്റകുറ്റപ്പണി നടത്തിയതിന്‍െറ പേരില്‍ ഒരു കോടിയിലധികം രൂപയുടെ ചെലവുണ്ടായെന്നും അതാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തേണ്ടിവന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. കെ.എച്ച്.ആര്‍.ഡു.എസിന്‍െറ ഗവേണിങ് ബോഡി തീരുമാനമോ സര്‍ക്കാര്‍ ഉത്തരവോ ഉണ്ടെങ്കില്‍ മാത്രമേ നിരക്ക് വര്‍ധന പാടുള്ളൂ. എന്നാല്‍, ഏതൊരു ഉത്തരവും ഇല്ലാതെയാണ് വര്‍ധന നടപ്പാക്കിയിരിക്കുന്നത്. ഡീലക്സ് പേവാര്‍ഡിലെ 55 മുറികളുടെ അറ്റകുറ്റപ്പണിക്കായി ആറുമാസം മുമ്പാണ് കരാര്‍ നല്‍കിയത്. സിവില്‍ വര്‍ക്കുകള്‍ക്കായി ഒരുകോടിയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 25 ലക്ഷവും കണക്കാക്കിയാണ് കരാര്‍ നല്‍കിയത്. അപ്രകാരം അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും 22 മുറികള്‍ മാത്രമാണ് തുറന്നത്. മുറികളിലെ കിടക്ക, മത്തെ, തലയണ, സോഫ എന്നിവ പുതിയത് വാങ്ങാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്നവ പുതുക്കി വീണ്ടും മുറികളില്‍ കൊണ്ടിടുകയായിരുന്നു. 33 മുറികള്‍ ഇനിയും തുറന്നു നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ചാറിറ്റബ്ള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ലാഭനഷ്ടം നോക്കാതെ നിലകൊള്ളേണ്ട സ്ഥാപനമാണ്. അറ്റകുറ്റപ്പണി നടത്തിയെന്ന പേരില്‍ നിരക്ക് ഉയര്‍ത്താന്‍ വ്യവസ്ഥയില്ല. അതേസമയം, നിരക്ക് വര്‍ധന സംബന്ധിച്ച് പരാതികള്‍ വന്നിട്ടുണ്ടെന്നും എ.സി ഒഴികെയുള്ള പേവാര്‍ഡുകള്‍ക്ക് 100 രൂപ കുറക്കുന്ന കാര്യം പരിഗണിക്കുമെന്നും കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് എം.ഡി അശോക്ലാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.