മെഡിക്കല്‍ കോളജില്‍ ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റ് സംവിധാനം –മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റെടുക്കാവുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിലെ രോഗികളുടെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കും. രോഗികളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഒരു വര്‍ഷം 10 ലക്ഷം പേരാണ് ഒ.പിയിലത്തെുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിചികിത്സയും നല്‍കുന്നുണ്ട്. വിദൂരസ്ഥലങ്ങളില്‍നിന്ന് അതിരാവിലെ എത്തി ഒ.പിയില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുന്ന അവസ്ഥ സങ്കടകരമാണ്. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി 10,000ലധികം പേരാണ് ഈ ദുരിതമനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ അറിയാത്ത സാധാരണക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പടുത്തും. ഡല്‍ഹിയിലെ എയിംസ് നടപ്പാക്കി വിജയിപ്പിച്ച പദ്ധതിയായിരിക്കും അവതരിപ്പിക്കുക. വര്‍ധിച്ച ചികിത്സാചെലവ് പലരെയും ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഇതിന് പരിഹാരമായി എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. 5.2 കോടി രൂപ ചെലവഴിച്ച് ആകാശ ഇടനാഴി സ്ഥാപിച്ച ഇന്‍ഫോസിസിനെ അഭിനന്ദിച്ചു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാമൂര്‍ത്തിക്ക് സര്‍ക്കാറിന്‍െറയും മെഡിക്കല്‍ കോളജിന്‍െറയും പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച പ്രമോദ് എസ്. കുമാര്‍, രാജു കരുണാകരന്‍, ജോണ്‍സണ്‍ ജോസ്, ടി. ശ്രീകുമാര്‍ നായര്‍, ഡോ. സുല്‍ഫിക്കര്‍ എം.എസ്, എസ്. സച്ചിന്‍ എന്നിവര്‍ക്കും ഉപഹാരം നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫോസിസ് കേരള ഡെവലപ്മെന്‍റ് സെന്‍റര്‍ മേധാവി സുനില്‍ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് മുഖ്യാതിഥിയായ ചടങ്ങില്‍ ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, മെഡിക്കല്‍ കോളജ് വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ കോളജ് മുന്‍പ്രിന്‍സിപ്പല്‍ രാംദാസ് പിഷാരടി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സ്വാഗതവും സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.