കിളിമാനൂര്‍: മടവൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ വെള്ളിയാഴ്ച നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. രണ്ട് വാര്‍ഡുകളിലായി മൂന്നുബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 1363 വോട്ടര്‍മാരാണ് ഇരുവാര്‍ഡുകളിലുമായുള്ളത്. കോണ്‍ഗ്രസും സി.പി.എമ്മുമാണ് പ്രധാനകക്ഷികളെങ്കിലും ബി.ജെ.പി ശക്തമായ സാന്നിധ്യമായുണ്ട്. ഒരിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുസ്വതന്ത്രനും മുന്നണികള്‍ക്കുഭീഷണിയുയര്‍ത്തി രംഗത്തുണ്ട്. പഞ്ചായത്ത് ഭരണസംവിധാനത്തില്‍ പൊട്ടിത്തെറികള്‍ സംഭവിച്ചേക്കാമെന്നത് കൊണ്ട് ജില്ലയിലാകെ ശ്രദ്ധേയമാണ് ഈ ഉപതെരഞ്ഞെടുപ്പ്. 10ാം വാര്‍ഡായ സീമന്തപുരത്ത് നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ബ്ളോക്, ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എം.ആര്‍. ജയകൃഷ്ണനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്ന രഞ്ജിത്തിന്‍െറ ഭാര്യ രജനിയാണ് സി.പി.എം സ്ഥാനാര്‍ഥി. ബി.ജെ.പിയില്‍നിന്ന് വിജയന്‍പിള്ളയും ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥിയായി ലതയും മത്സരരംഗത്തുണ്ട്. തുമ്പോട് സി.എന്‍.പി.എസ് യു.പി.എസാണ് പോളിങ് സ്റ്റേഷന്‍. ഇവിടെ ആകെയുള്ള 1240 വോട്ടര്‍മാരില്‍ 538 പുരുഷന്മാരും 702 സ്ത്രീകളും ഉണ്ട്. രണ്ട് ബൂത്തുകളുണ്ട്. ഞാറയില്‍കോണം മുസ്ലിം എല്‍.പി.എസാണ് പടിഞ്ഞാറ്റേല വാര്‍ഡിലെ പോളിങ് സ്റ്റേഷന്‍. നിലവില്‍ കോണ്‍ഗ്രസ് വാര്‍ഡായിരുന്ന ഇവിടെ നൗഷാദാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫില്‍നിന്ന് സിദ്ധിഖ്, ബി.ജെ.പിയില്‍നിന്ന് ഉമേഷ് എന്നിവരാണ് മത്സരരംഗത്ത്. അതേസമയം, കഴിഞ്ഞതവണ സ്വതന്ത്രനായി മത്സരിച്ച് രണ്ടുവോട്ടിന് പരാജയപ്പെട്ട നിസാറുദ്ദീന്‍ ഇത്തവണയും സ്വതന്ത്രനായി രംഗത്തുണ്ട്. സലീനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. 1123 വോട്ടര്‍മാരില്‍ 499 പുരുഷന്മാരും 524 സ്ത്രീകളുമാണ്. ഇരുവാര്‍ഡുകളിലെയും അംഗങ്ങള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമുള്ള എല്‍.ഡി.എഫാണ് ഭരണത്തിലുള്ളത്. കോണ്‍ഗ്രസ് അഞ്ച്, ബി.ജെ.പി മൂന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.