തെരുവുനായ് വന്ധ്യംകരണം: രണ്ടാംഘട്ടം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിന് നടത്തുന്ന തെരുവുനായ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം നവംബര്‍ 15ന് തുടങ്ങും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും കൃത്യമായ അവലോകനത്തിനുമായി 73 പഞ്ചായത്തുകളും ബ്ളോക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ജനകീയ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു അറിയിച്ചു. തെരുവുനായ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വെറ്ററിനറി സര്‍ജന്മാരുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നിന് സമ്പൂര്‍ണ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ഡ് ജില്ലയായി പ്രഖ്യാപിക്കാനാകുന്ന തരത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് രണ്ടും മൂന്നും ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നാംഘട്ടം ഡിസംബര്‍ പത്തിന് തുടങ്ങും. ഇതിന്‍െറ ഭാഗമായി വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15 മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ 11 ബ്ളോക്കുകളിലും തെരുവുനായ് വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകും. നിലവിലെ ആറ് കേന്ദ്രങ്ങള്‍ക്ക് പുറമേ അഞ്ച് പുതിയ കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. വിദഗ്ധരായ നായ് പിടുത്തക്കാരുടെ അഭാവമായിരുന്നു ഒന്നാംഘട്ടത്തിലെ വെല്ലുവിളി. എന്നാല്‍, പരിശീലനം സിദ്ധിച്ച 18 പേരുടെ സാന്നിധ്യം രണ്ടാംഘട്ടത്തിന് കൂടുതല്‍ ഉണര്‍വുപകരുമെന്നും ഇനിയും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി ബ്ളോക്കുതല കേന്ദ്രങ്ങളില്‍ അവരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാലുപേരടങ്ങിയ ഒരുടീമായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. നിലവിലുള്ള വന്ധ്യംകരണ കേന്ദ്രങ്ങളില്‍ ഒരെണ്ണം വിപുലീകരിച്ച് സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുമെന്നും നായ് പിടുത്തക്കാരുടെ പരിശീലനത്തിനും വന്ധ്യംകരണ കേന്ദ്രങ്ങളിലെ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ ഒരോലക്ഷം രൂപ വീതവുമാണ് ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രത്യേക ടാഗ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ.ഡി.എം ജോ വി. സാമുവല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.