ദുരിതം വിതച്ച് അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍

കാട്ടാക്കട: കുറ്റിച്ചല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായ കള്ളിയല്‍, നെട്ടുകാല്‍ത്തേരി പ്രദേശത്തെ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കാരണം നാട്ടുകാര്‍ ദുരിതത്തില്‍. കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കര്‍മസമിതി രൂപവത്കരിച്ച് നാട്ടുകാര്‍ ആരംഭിച്ച സമരം 18 ദിവസം പിന്നിട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടില്‍കെട്ടി നടത്തുന്ന സമരം അധികൃതര്‍ കണ്ട ഭാവമില്ളെന്ന് ആക്ഷേപമുണ്ട്. പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലേക്കുള്ള വാഹനം തടഞ്ഞതിന് സമരസമിതിയിലെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കുറ്റിച്ചല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായ കള്ളിയല്‍, നെട്ടുകാല്‍ത്തേരി പ്രദേശത്തുകാരും തുറന്ന ജയിലിലെ അന്തേവാസികളും ഉള്‍പ്പെടെയാണ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നത്. കള്ളിയല്‍ പ്രദേശത്ത് നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. അസഹ്യ ദുര്‍ഗന്ധം, രൂക്ഷമായ ഈച്ചശല്യം, കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുക, പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്ന പുക പ്രദേശത്ത് പടരുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. ഒരുവര്‍ഷത്തിനിടെയാണ് പ്രദേശത്ത് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത്. 100 മുതല്‍ 1000 വരെ പന്നികളെ വളര്‍ത്തുന്ന ഫാമുകളാണുള്ളത്. നഗരത്തിലെ ഹോട്ടലുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍നിന്നും ആശുപത്രികളില്‍നിന്നും പുറന്തള്ളുന്ന സര്‍ജിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് ഫാമുകളിലത്തെിക്കുന്നത്. പന്നികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴിത്തൂവലുകള്‍ ഉള്‍പ്പെടെയുള്ളവയും പൊട്ടിയ ഗ്ളാസുകളും പ്ളാസ്റ്റിക്കും ഫാമുകളിലേക്കുള്ള യാത്രാമധ്യേ റോഡരികില്‍ വലിച്ചെറിയുന്നതും പതിവാണ്. കുറ്റിച്ചല്‍ പഞ്ചായത്തിലെ മന്തിക്കളം മുതല്‍ കള്ളിയല്‍ വരെ താമസക്കാര്‍ കുറവുള്ള പ്രദേശത്തെ റോഡുവക്കിലാണ് വന്‍തോതില്‍ മാലിന്യം വലിച്ചെറിയുന്നത്. റോഡരികുകളില്‍ മാലിന്യം പെരുകിയതോടെ തെരുവുനായ് ശല്യവും രൂക്ഷമായി. ഇത് കള്ളിയല്‍, മരുതുംമൂട് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാട്ടുകാര്‍ സംഘടിച്ച് റോഡുവക്കുകളില്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ കുഴികളെടുത്ത് മറവുചെയ്തു. ഇതിനുശേഷവും റോഡുവക്കില്‍ മാലിന്യം വലിച്ചെറിയുന്നത് തുടങ്ങിയതോടെയാണ് മന്തിക്കളം, മരുതുംമൂട്, കള്ളിയല്‍, കടമാന്‍കുന്ന്, മേലെ മാത്തൂര്‍, നെട്ടുകാല്‍ത്തേരി പ്രദേശത്തെ നിവാസികള്‍ കര്‍മസമിതി രൂപവത്കരിച്ചത്. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതായതോടെയാണ് നാട്ടുകാര്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.