പാലോട്: തുടര്‍ച്ചയായ വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി മലയോര കര്‍ഷകര്‍. ഗ്രാമസഭകള്‍ മുതല്‍ പ്രധാനമന്ത്രിക്കുവരെ പരാതികള്‍ നല്‍കിയിട്ടും പരിഹാര നടപടികളില്ല. വനമേഖലയോട് ചേര്‍ന്ന് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട്, തൊളിക്കോട് പഞ്ചായത്തുകളിലാണ് വന്യജീവികള്‍ വ്യാപകമായി വിള നശിപ്പിക്കുന്നത്. പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ആലുംമൂട്, ചാത്തിച്ചക്കുഴി, കരിച്ചക്കുഴി, കളമൂട്ടപ്പാറ, വട്ടക്കരിക്കകം തുടങ്ങിയ ആദിവാസി മേഖലകളിലുള്ളവര്‍ കടുത്ത ആനപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കുട്ടിയാന അടക്കമുള്ള കാട്ടാന സംഘമിറങ്ങി വ്യാപക കൃഷി നാശമുണ്ടാക്കി. തെങ്ങ്, വാഴ, മരച്ചീനി, റബര്‍ തുടങ്ങിയവയെല്ലാം നശിപ്പിച്ചു. കുട്ടികള്‍ സ്കൂളുകളിലേക്ക് പോകുന്ന വഴികളിലടക്കം കാട്ടാനകളുടെ സാന്നിധ്യമുള്ളത് നാട്ടുകാരെ ഭീതിയിലാക്കി. പടക്കം പൊട്ടിച്ചും ആനയിറങ്ങുന്ന പ്രദേശങ്ങളില്‍ തീക്കൂനയൊരുക്കിയുമാണ് നാട്ടുകാരുടെ പ്രതിരോധം. കൊയ്ത്തിന് പാകമായ പെരിങ്ങമ്മല പഞ്ചായത്തിലെ പാടശേഖരം കാട്ടുപന്നികള്‍ നശിപ്പിച്ചത് ഒരാഴ്ച മുമ്പാണ്. നെടുമങ്ങാട് താലൂക്കിലെ അവശേഷിക്കുന്ന അപൂര്‍വം നെല്‍പാടങ്ങളിലൊന്നാണ് ഇവിടം. പരമ്പരാഗതമായി കൈമാറി വന്ന നെല്‍പാടങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന വാശിയോടെയാണ് നാല്‍പതോളം കര്‍ഷകര്‍ ചേര്‍ന്ന് പെരിങ്ങമ്മല പാടശേഖരത്ത് തുടര്‍ച്ചയായി കൃഷിയിറക്കുന്നത്. നഷ്ടം സഹിച്ച് കൃഷിയിറക്കുന്നതിന് പുറമെ പന്നികള്‍ വരുത്തിയ കൃഷിനാശം കൂടി സഹിക്കേണ്ട ഗതികേടിലാണ് ഇവര്‍. വിതുര കല്ലാറില്‍ ശ്രീവിലാസത്തില്‍ ജയഭദ്രന്‍െറ വീട് കുരങ്ങുകള്‍ തകര്‍ത്തത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ടി.വി ഉള്‍പ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങളും ഇവ തകര്‍ത്തു. പ്രദേശത്തെ എല്‍.പി സ്കൂളിലും അങ്കണവാടിയിലും കുരങ്ങകളുടെ ശല്യം രൂക്ഷമാണ്. കുടിവെള്ളം കുരങ്ങുകള്‍ മലിനമാക്കുന്നതിനാല്‍ ചുമട്ടുവെള്ളം കുട്ടികള്‍ക്ക് നല്‍കേണ്ട ഗതികേടിലാണ് അധ്യാപകര്‍. മ്ളാവുകളുടെയും കാട്ടുപന്നികളുടെയും ശല്യം ഒഴിവാക്കാന്‍ വേലി നിര്‍മിച്ച ജൈവകര്‍ഷകനായ മരുതാമല അനില്‍ സദനത്തില്‍ അനില്‍കുമാറിന്‍െറ കൃഷിയിടത്തില്‍ വില്ലനാകുന്നത് മയില്‍ക്കൂട്ടമാണ്. പെരിങ്ങമ്മലയിലെ ജില്ലാ കൃഷിത്തോട്ടത്തിലും മയിലുകള്‍ വ്യാപക കൃഷിനാശം വരുത്തുന്നുണ്ട്. ടാപ്പിങ് ആരംഭിക്കാറായ റബര്‍ മരങ്ങളുടെ പട്ട മ്ളാവുകള്‍ ഇഷ്ട ഭക്ഷണമാക്കുന്നതുമൂലം ദുരിതം ഏറ്റുവാങ്ങുന്നതും കര്‍ഷകരാണ്. കൃത്യമായ മുന്നൊരുക്കം നടത്തി വന്യമൃഗശല്യത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.