മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം മോഷ്ടാക്കളുടെ താവളം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം മോഷ്ടാക്കളുടെ താവളമാകുന്നു. ചെറുതും വലുതുമായ നിരവധി മോഷണങ്ങളും കവര്‍ച്ച ശ്രമങ്ങളുമാണ് അടിക്കടി മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി എന്നിവിടങ്ങളില്‍ അരങ്ങേറുന്നത്. ഇതര ജില്ലകളില്‍നിന്ന് എത്തുന്നവരെയും ഇതരസംസ്ഥാനക്കാരായ രോഗികളെയും ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ തമ്പടിക്കുന്നത്. പണം സൂക്ഷിക്കുന്ന ബാഗുകള്‍, പഴ്സുകള്‍, മൊബൈല്‍ ഫോണുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കുന്ന ഹൈടെക്കുകാര്‍ മുതല്‍ വാഹനത്തിലെ പെട്രോള്‍, ഹെല്‍മറ്റ് എന്നിവ അടിച്ചുമാറ്റുന്ന സാദാ മോഷ്ടാക്കള്‍വരെ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് വിരഹിക്കുകയാണ്. സന്ദര്‍ശകര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കര്‍ശന നിയന്ത്രണമുള്ള അത്യാഹിതവിഭാഗം മുതല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് വരെ നീളുന്നതാണ് മോഷ്ടാക്കളുടെ ശൃംഖല. ഉദ്ഘാടനം ചെയ്യപ്പെട്ട് ആഴ്ചകള്‍ കഴിയുന്നതിനുമുമ്പേ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിലെ രോഗിയുടെ പക്കല്‍നിന്ന് കവര്‍ന്നത് ഒരു ലക്ഷം രൂപയാണ്. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സക്കത്തെിയ രോഗിയുടെ ഒരുലക്ഷം രൂപയാണ് ഇയാള്‍ ബാത്ത്റൂമില്‍ പോയി തിരികെ വന്നപ്പോള്‍ കാണാതായത്. കൂടാതെ ബൈക്കുകള്‍, സൈക്കിളുകള്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെയും വാഹനങ്ങള്‍, വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങള്‍ എന്നിവയും കടത്തിക്കൊണ്ടുപോകുന്നതും പതിവാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെ ലക്ഷ്യംവെച്ചും തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ട്. രോഗിയുടെ ബന്ധുക്കളെ നിരീക്ഷിച്ചശേഷം മറ്റൊരുരോഗിയുടെ ബന്ധു അല്ളെങ്കില്‍ കൂട്ടിരിപ്പുകാരന്‍ എന്ന വ്യാജേനയാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ വിശ്വാസ്യത പിടിച്ചുപറ്റി ചികിത്സക്ക് സൂക്ഷിച്ച വലിയൊരു തുകയും കൈക്കലാക്കി മുങ്ങുകയാണ് ഇവരുടെ പതിവ്. അടുത്തിടെ സര്‍ജിക്കല്‍ ഇന്‍റന്‍സിവ് കെയര്‍ യൂനിറ്റ്, ന്യൂറോ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നിവിടങ്ങളില്‍നിന്ന് ഒന്നര ലക്ഷത്തിലേറെ രൂപയാണ് വിവിധയാള്‍ക്കാര്‍ക്കായി നഷ്ടമായത്. ആണ്‍വേഷം ധരിച്ച് മെഡിക്കല്‍ കോളജ് വളപ്പില്‍ കറങ്ങിനടന്ന് ബൈക്കുകള്‍ മോഷ്ടിച്ച് മുങ്ങുന്ന ആലപ്പുഴ സ്വദേശിയായ മേഴ്സി ജോര്‍ജ് എന്ന യുവതിയെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദര്‍ശക സമയത്താണ് മിക്ക മോഷ്ടാക്കളും ഉള്ളില്‍ പ്രവേശിക്കുന്നതെന്നാണ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. റീജനല്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും മോഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും താരതമ്യേന കുറവാണ്. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുന്നവരില്‍ പലരും പൊലീസില്‍ പരാതിനല്‍കാന്‍ മെനക്കെടാത്തതിനാല്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചെറുതും വലുതുമായ മോഷണങ്ങളുടെ കൃത്യമായ ചിത്രം പൊലീസിന്‍െറ പക്കലുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.