ക്ഷാമം മുതലെടുത്ത് ജലമാഫിയ

പൂന്തുറ: തീരദേശത്തെ കുടിവെള്ളക്ഷാമം മുതലെടുത്ത് ജലമാഫിയ. വിലകൊടുത്ത് വാങ്ങുന്ന കുടിവെള്ളം കുടിച്ച് പകര്‍ച്ചവ്യാധികള്‍ പടരുന്നു. തീരത്ത് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെ സാഹചര്യം മുതലെടുത്ത് ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുകയാണ്. നിര്‍മാണം തുടങ്ങിയ ജപ്പാന്‍, ജനുറം കുടിവെള്ള പദ്ധതികള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. പനത്തുറ മുതല്‍ വേളി വരെയുള്ള തീരത്ത് കുടിവെള്ളം കിട്ടാക്കനിയാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍തന്നെ കുടിവെള്ളം ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. തീരവാസികള്‍ കുടിവെള്ളം പണം കൊടുത്താണ് വാങ്ങുന്നത്. ഒരു ദിവസം ടാങ്കര്‍ ലോറി വന്നില്ളെങ്കില്‍ ഭക്ഷണം പാചകം ചെയ്യാന്‍പോലുമാകില്ല. മാലിന്യം നിറഞ്ഞൊഴുകുന്ന തോടുകളില്‍നിന്നും ആറുകളില്‍നിന്നും ശേഖരിച്ച് ശുദ്ധീകരിക്കാതെയാണ് ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്. ജനസംഖ്യ കൂടിയ തീരമേഖലയില്‍ ടാങ്കര്‍ ലോറികള്‍ മത്സരിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് വെള്ളത്തിന് വിലയും കൂടും. നേരത്തേ അഞ്ചുരൂപ നിരക്കില്‍ കിട്ടിക്കൊണ്ടിരുന്ന ഒരു കുടം വെള്ളത്തിന് ഇപ്പോള്‍ എട്ടുമുതല്‍ 10 രൂപ വരെ നല്‍കേണ്ടി വരുന്നു. പൊതുടാപ്പുകള്‍ വഴി ഇടക്കിടെ വരുന്ന വെള്ളത്തില്‍ മാലിന്യത്തിന്‍െറ അംശം ഉള്ളതിനാല്‍ ഉപയോഗശൂന്യമാണ്. റോഡുവക്കിലെ പൊതുടാപ്പുകള്‍ക്ക് മുകളില്‍ മാലിന്യം വലിച്ചെറിഞ്ഞ് പുഴുക്കള്‍ നിറഞ്ഞിരിക്കുകയാണ്. ഈ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. തീരമേഖലയില്‍ എത്തുന്ന ടാങ്കറുകളിലെ വെള്ളം മാസങ്ങള്‍ക്കുമുമ്പ് ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഉപയോഗയോഗ്യമല്ളെന്ന് കണ്ടത്തെിയിരുന്നു. അനധികൃതമായി ലോറികളില്‍ വലിയ ടാങ്കും മോട്ടോറുകളും കയറ്റി ആറുകളില്‍നിന്നും കായലില്‍ നിന്നും ജലചൂഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. മാലിന്യം ഒഴുകുന്ന തിരുവല്ലം ആറില്‍നിന്ന് ടാങ്കറില്‍ ജലം നിറച്ച് ഹോട്ടലുകള്‍ക്ക് വില്‍പന നടത്തുന്ന സംഘങ്ങളും സജീവമാണ്. തീരദേശത്ത് സ്ഥാപിച്ച പൈപ്പുകള്‍ മിക്കതും തുരുമ്പെടുത്ത് കാലപ്പഴക്കം ചെന്ന നിലയിലാണ്. ഇവ മാറ്റി പി.വി.സി പൈപ്പുകള്‍ സ്ഥാപിക്കണമെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും നടപടിയായില്ല. കടലോര പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മുനമ്പം ഭാഗത്തുള്ളതുപോലെ ഡിസാലിനേഷന്‍ പ്ളാന്‍റുകള്‍ സ്ഥാപിച്ച് കടല്‍വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്ന് നിയമസഭാ സമിതി നിര്‍ദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.