നവരാത്രി സംഗീതോത്സവത്തെ താള–ലയ സാന്ദ്രമാക്കി അഖില്‍ ഷാ അന്‍സാറിന്‍െറ കച്ചേരി

ആറ്റിങ്ങല്‍: പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് താള-ലയ സാന്ദ്രമാക്കി അഖില്‍ ഷാ അന്‍സാറിന്‍െറ സംഗീതക്കച്ചേരി. പള്ളിത്തുറ എച്ച്.എസ്.എസിലെ പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ് ചേരമാന്‍ തുരുത്ത് വടക്കേതൈവിളാകത്ത് വീട്ടില്‍ അഖില്‍. ഈ കലാകാരന്‍െറ ആദ്യ സംഗീതക്കച്ചേരിയാണ് തോന്നല്‍ ദേവീക്ഷേത്രത്തില്‍ അരങ്ങേറിയത്. നന്ദുവും വയലിനില്‍ നിതിന്‍ എസ്. കാര്‍ത്തികേയനും മൃദംഗത്തില്‍ പരവൂര്‍ സുനിലും അഖില്‍ ഷാക്ക് വേദിയില്‍ പിന്തുണയേകി. ഏഴുവര്‍ഷമായി സംഗീതം അഭ്യസിക്കുന്ന ഈ കൊച്ചു കലാകാരന്‍ സ്കൂള്‍ കലോത്സവങ്ങളിലെ ശാസ്ത്രീയ സംഗീത മത്സരങ്ങളില്‍ ഇതിനകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് മാത്രം സാധ്യതകളുള്ള വിവിധ കലാരംഗങ്ങളില്‍നിന്ന് മറ്റ് മതസ്ഥര്‍ പിന്നാക്കം പോയിക്കൊണ്ടിരിക്കുന്ന കാലത്ത് സംഗീതക്കച്ചേരി നടത്താന്‍ താല്‍പര്യപൂര്‍വം മുന്നിട്ടിറങ്ങിയ കൊച്ചുകലാകാരനെ നവരാത്രി സംഗീതോത്സവ സംഘാടകരും കലാകാരന്മാരും അഭിനന്ദിച്ചു. ശിഷ്യന്‍െറ ആദ്യ സംഗീതക്കച്ചേരി ആസ്വദിക്കാന്‍ ഗുരുവും പ്രശസ്ത സംഗീതജ്ഞനുമായ വര്‍ക്കല സി.എസ്. ശാന്താറാമും സന്നിഹിതനായിരുന്നു. പ്രാദേശിക പത്രപ്രവര്‍ത്തകനായ എം.എം. അന്‍സാറിന്‍െറയും പെരുമാതുറ അല്‍ഫജര്‍ പബ്ളിക് സ്കൂള്‍ അധ്യാപിക സജീനയുടെയും മകനാണ്. ആദില്‍ അന്‍സാര്‍, അഫ്ലഖ് അന്‍സാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.