പാലോട്: ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്‍െറ കുഴിമാടത്തിനരികില്‍ 78 വര്‍ഷത്തിനിടെ ആദ്യമായി സേതുവമ്മ നിന്നു. കുഴിമാടത്തില്‍ പൂക്കളര്‍പ്പിച്ച് ധ്യാനിക്കുമ്പോള്‍ അമ്മ പകര്‍ന്ന നിറം മങ്ങിയ വിവരണങ്ങളില്‍ നിന്ന് അച്ഛന്‍െറ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. അച്ഛന്‍െറ രക്തസാക്ഷിത്വത്തിനും മകള്‍ക്കും ഏകദേശം ഒരേ പ്രായമുണ്ട്. സ്വാതന്ത്ര്യസമരചരിത്രത്തിലിടം പിടിച്ച കല്ലറ-പാങ്ങോട് വിപ്ളവത്തിലെ ധീര രക്തസാക്ഷി പ്ളാങ്കീഴില്‍ കൃഷ്ണപിള്ളയുടെ ഏക മകളാണ് സേതുവമ്മ. അച്ഛന്‍ വെടിയേറ്റുമരിക്കുമ്പോള്‍ അമ്മ ചെല്ലമ്മയുടെ വയറ്റിനുള്ളിലായിരുന്നു ഇവര്‍. കര്‍ഷകചൂഷണത്തിനും കല്ലറ ചന്തയിലെ അമിത ചുങ്കപ്പിരിവിനുമെതിരെ നാട്ടുകാരില്‍ രൂപപ്പെട്ട അമര്‍ഷമാണ് കൊച്ചപ്പിപിള്ളയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായിമര്‍ദിച്ച സര്‍ സി.പിയുടെ പൊലീസിനെതിരെ ആളിക്കത്തിയത്. 1938 സെപ്റ്റംബര്‍ 30ന് സംഘടിച്ചത്തെിയ സമരക്കാര്‍ കൊച്ചപ്പിപിള്ളയെ മോചിപ്പിക്കുകയും കല്ലറയിലത്തെി ഡ്യൂട്ടിയിലുണ്ടായിരുന്ന കുഞ്ഞുകൃഷ്ണപിള്ളയെന്ന പൊലീസുകാരനെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് പാങ്ങോട് പൊലീസ് സ്റ്റേഷനിലത്തെിയ ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ ചീറിയടുത്ത പ്ളാങ്കീഴില്‍ കൃഷ്ണപിള്ള നെഞ്ചില്‍ വെടിയേറ്റ് സമരത്തിലെ ആദ്യ രക്തസാക്ഷിയായി. ഇതുകണ്ട് തോക്കുമായി പൊലീസുകാര്‍ക്ക് നേരെ തിരിഞ്ഞ ചെറുവാളം കൊച്ചുനാരായണന്‍ ആചാരിയും വെടിയേറ്റ് മരിച്ചു. കലാപാനന്തരം നാട്ടുകാരുടെ സൈ്വരജീവിതം നശിപ്പിച്ച് പൊലീസ് അഴിഞ്ഞാടി. അച്ഛന്‍െറ മരണശേഷം അമ്മയുടെയും അവരുടെ അച്ഛന്‍െറയും സംരക്ഷണയിലായിരുന്നു ജീവിതമെന്ന് സേതുവമ്മ പറയുന്നു. കലാപകാരിയുടെ കുടുംബമെന്ന നിലയില്‍ നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നു. വിവാഹശേഷം ഇളയ മകന്‍ ജനിച്ച് ആറുമാസം പിന്നിട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു. അമ്മയും കൂടി മരിച്ചതോടെ സഹായിക്കാനാരുമില്ലാതെ രണ്ട് മക്കളുമായി ഇവര്‍ ഇടുക്കിയിലെ പട്ടം കോളനിയിലേക്ക് താമസം മാറി. കഴിഞ്ഞ വര്‍ഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മകനും മരിച്ചു. ഇടുക്കി കൂമ്പന്‍പാറക്കരയില്‍ ബാക്കിയുള്ള തുണ്ട് ഭൂമിയും മകന്‍െറ ചികിത്സയെ തുടര്‍ന്നുള്ള കടം വീട്ടാനായി വില്‍ക്കാനുള്ള ശ്രമത്തിലാണിവര്‍. എറണാകുളം ഇരമല്ലൂര്‍ കുറ്റിലഞ്ഞി കരയില്‍ മകള്‍ക്കൊപ്പമാണ് സേതുവമ്മയുടെ ഇപ്പോഴത്തെ ജീവിതം. കല്ലറ-പാങ്ങോട് സമരത്തില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്ക് വരെ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍, രക്തസാക്ഷിയായ കൃഷ്ണപിള്ളയുടെ ഏക അനന്തരാവകാശിയായ സേതുവമ്മക്ക് സര്‍ക്കാറില്‍ നിന്ന് ഒരുവിധ സഹായവും ലഭിച്ചിട്ടില്ല. ഇവരുടെ അമ്മക്കും ധനസഹായമൊന്നും കിട്ടിയിട്ടില്ല. രക്തസാക്ഷി ദിനാചരണത്തിന്‍െറ ഭാഗമായി സംഘാടകര്‍ ക്ഷണിച്ചതിന്‍പ്രകാരമാണ് വെള്ളിയാഴ്ച സേതുവമ്മ മകള്‍ക്കൊപ്പം പാങ്ങോട്ടത്തെിയത്. അന്ത്യോപചാരങ്ങളൊന്നും കിട്ടാതെ വെറും മണ്ണില്‍ അടങ്ങേണ്ടിവന്ന കൃഷ്ണപിള്ളക്കുള്ള ഉറ്റബന്ധുവിന്‍െറ ആദ്യ ഉപചാരമായി മാറി മകളുടെ സന്ദര്‍ശനം. പ്രതാപം നശിച്ച് ആളും അനക്കവുമൊഴിഞ്ഞ് ജീര്‍ണതയിലേക്ക് കൂപ്പുകുത്തിയ കല്ലറ പാങ്ങോട് സമരത്തിന്‍െറ ചരിത്രസ്മാരകമായ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം അച്ഛന്‍െറ മരണത്തിലെന്നപോലെ മകളുടെ ആദ്യസന്ദര്‍ശനത്തിനും സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.