പിച്ചുകളൊരുങ്ങുന്നു: പുതുചരിത്രം കുറിക്കാനൊരുങ്ങി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ പിച്ചുകളൊരുങ്ങുന്നു. സ്റ്റേഡിയത്തിന്‍െറ മധ്യഭാഗത്തായി അഞ്ച് വിക്കറ്റുകളാണ് ഒരുങ്ങുന്നത്. ഇതിനായി ഫില്ലിങ് പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു. വിവിധ തട്ടുകളായി അതീവ ശ്രദ്ധയോടെയാണ് പിച്ച് നിര്‍മിക്കുന്നത്. നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ കനം കുറഞ്ഞതും കൂടിയതുമായ മണല്‍ ഉപയോഗിച്ച് വിവിധ പാളികളായാണ് പിച്ചിന്‍െറ നിര്‍മാണം. നിലവില്‍ ഒൗട്ട് ഫീല്‍ഡില്‍ ഫുട്ബാള്‍ കളിക്ക് ഉപയോഗിക്കുന്ന തരത്തില്‍ 22 മില്ലി മീറ്റര്‍ വലുപ്പത്തില്‍ പുല്ല് പതിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 11 സെന്‍റീ മീറ്ററിലേക്ക് കുറച്ചിട്ടുണ്ട്. ക്രമേണ ഇത് ക്രിക്കറ്റിന് ഉപയോഗിക്കാന്‍ പ്രാപ്തമായ രീതിയില്‍ ആറുമുതില്‍ ഏഴ്മില്ലീ മീറ്റര്‍ വലിപ്പത്തിലേക്ക് മാറ്റും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍െറ മേല്‍നോട്ടത്തില്‍ കെ.സി.എയുടെ വിദഗ്ധരായ ക്യൂറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. ഡിസംബര്‍ അവസാനവാരത്തോടെ പിച്ചിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കുകയും ജനുവരി പകുതിയോടെ മത്സരങ്ങള്‍ക്കായി സജ്ജമാക്കാനുമാണ് ലക്ഷ്യമിടുന്നത്. പിച്ചിന് പുറത്ത് പ്രാക്ടീസിനായി ആറ് പിച്ചുകളും നിര്‍മിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫ്ളഡ്ലിറ്റ് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ-അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ബി.സി.സി.ഐ നടത്തുന്ന ഫസ്റ്റ് ക്ളാസ് മത്സരങ്ങള്‍ക്കും പുറമെ, ഐ.പി.എല്‍ മത്സരങ്ങള്‍ക്കും വേദിയാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്പോര്‍ട്ട്സ് ഹബ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ മീഡിയ റൂം, പ്ളെയേഴ്സ് ഡ്രസിങ് റൂമുകള്‍, വി.ഐ.പി എന്‍ക്ളോഷറുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിങ് പൂളുകള്‍, സ്ക്വാഷ് കോര്‍ട്ടുകള്‍, ഒൗട്ട് ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍, ഒൗട്ട്ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവക്കു പുറമെ കണ്‍വെന്‍ഷന്‍-കോണ്‍ഫറന്‍സ് സെന്‍ററുകള്‍, അതിഥി സല്‍കാരകേന്ദ്രങ്ങള്‍, കാറ്ററിങ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, ഹോട്ടല്‍ സൗകര്യം എന്നിവയും മറ്റു പ്രത്യേകതകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.