സാങ്കേതികവിദഗ്ധര്‍ക്ക് ക്ഷാമം; മുന്‍ഗണനപട്ടിക വൈകും

കാട്ടാക്കട: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനപട്ടിക തയാറാക്കല്‍ ഇനിയും വൈകും. പട്ടിക തയാറാക്കേണ്ട സാങ്കേതികവിദഗ്ധരുടെ ക്ഷാമമാണ് അര്‍ഹരെ നിശ്ചയിക്കാന്‍ തടസ്സമായിരിക്കുന്നത്. നിലവില്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് താലൂക്ക് സപൈ്ള ഓഫിസുവഴി പരാതി ബോധിപ്പിക്കാനുള്ള അവസരം ഡിസംബര്‍ അഞ്ചിന് അവസാനിക്കും. കഴിഞ്ഞ ഏഴുമുതല്‍ ഗുണഭോക്താക്കളുടെ തെളിവെടുപ്പ് അതത് താലൂക്ക് സപൈ്ള ഓഫിസിലും പഞ്ചായത്തുകളിലുമായി നടന്നുവരികയാണ്. ഇത് അവസാനിച്ചാലുടന്‍ സംസ്ഥാനത്തെ റേഷന്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനപട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. താലൂക്കുതല റേഷനിങ് ഉദ്യോഗസ്ഥര്‍ ഇതിനായി രാവും പകലും കഠിനാധ്വാനം നടത്തുന്നുണ്ട്. തെളിവെടുപ്പ് കഴിഞ്ഞ് അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് സി-ഡിറ്റിലെ സാങ്കേതിക വിദഗ്ധര്‍ പ്രത്യേക സോഫ്റ്റുവെയറില്‍ ഉള്‍പ്പെടുത്തണം. ഇപ്രകാരം അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ ഒഴിവാക്കപ്പെടും. ഈ രീതിയിലാണ് സോഫ്റ്റ്വെയര്‍ ക്രമീകരിച്ചിട്ടുള്ളത്. ഏഴിന് തെളിവെടുപ്പ് ആരംഭിക്കുമ്പോള്‍ പട്ടിക തയാറാക്കാന്‍ ഓരോ താലൂക്കിലും സി-ഡിറ്റിലെ വിദഗ്ധജീവനക്കാര്‍ ഉണ്ടാകുമെന്നായിരുന്നു സപൈ്ള ഓഫിസര്‍മാരെ അറിയിച്ചിരുന്നത്. എന്നാല്‍ താലൂക്ക് സപൈ്ള ഓഫിസുകളില്‍ മൂന്ന് കമ്പ്യൂട്ടറുകള്‍ മാത്രമാണ് സി-ഡിറ്റില്‍നിന്ന് എത്തിച്ചിട്ടുള്ളത്. ജീവനക്കാര്‍ ഇതേവരെ എത്തിയിട്ടില്ല. ഓരോദിവസവും തെളിവെടുപ്പിന് എത്തുന്നത് ആയിരത്തോളം ഗുണഭോക്താക്കളാണ്. പഞ്ചായത്ത് സെക്രട്ടറി, റേഷനിങ് ഇന്‍സ്പെക്ടര്‍, വില്ളേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. ഇവര്‍ നല്‍കുന്ന ലിസ്റ്റ് അതതുദിവസം കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്താല്‍ അര്‍ഹരുടെ പട്ടിക നിശ്ചയിക്കാന്‍ നിഷ്പ്രയാസം സാധിക്കും. പക്ഷേ, അതിന് സാങ്കേതിക വിദഗ്ധര്‍ ഉണ്ടാകണം. ഡിസംബര്‍ അഞ്ചിന് തെളിവെടുപ്പ് അവസാനിച്ചതിനുശേഷമാണ് സാങ്കേതിക വിദഗ്ധര്‍ എത്തുന്നതെങ്കില്‍ വീണ്ടും മാസങ്ങളെടുക്കും മുന്‍ഗണനപട്ടിക പൂര്‍ത്തിയാകാന്‍. ചുരുക്കത്തില്‍ സാധാരണക്കാരന്‍െറ റേഷന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ വീണ കരിനിഴല്‍ നീങ്ങാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.