മഴവെള്ള സംഭരണി നിര്‍മാണ പദ്ധതി കടലാസില്‍

നെയ്യാറ്റിന്‍കര: ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാകുന്നില്ല. സ്കൂളുകളിലും മറ്റും നിര്‍മിച്ച മഴവെള്ള സംഭരണികള്‍ ഉപയോഗയോഗ്യമല്ലാതെ നശിക്കുകയാണ്. ഇത്തരത്തില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പാഴാക്കിയത് ലക്ഷങ്ങള്‍. 150 ചതുരശ്ര മീറ്ററിലധികം തറ വിസ്തീര്‍ണമുള്ള വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മിക്കണമെന്നാണ് ചട്ടം. ഇതുണ്ടെങ്കിലേ വീടു നിര്‍മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കൂ. എന്നാല്‍, അനുമതിക്കായി സമര്‍പ്പിക്കുന്ന പ്ളാനില്‍ മഴവെള്ള സംഭരണിയുണ്ടാകുമെങ്കിലും വീട് പൂര്‍ത്തിയാകുമ്പോള്‍ ഒഴിവാക്കുകയാണ് പതിവ്. 2004ലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. സംസ്ഥാനത്തു മഴയുടെയും ഭൂഗര്‍ഭ ജലത്തിന്‍െറയും അളവില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സംഭരണി നിര്‍മാണത്തിന് പദ്ധതി ആവിഷ്കരിച്ചത്. മഴവെള്ള സംഭരണി നിര്‍മിക്കുന്ന വീടുകള്‍ക്കു നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. മഴവെള്ള സംഭരണി നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്സിഡി നല്‍കുകയോ ബോധവത്കരണം നടത്തുകയോ ചെയ്യാത്തതും പദ്ധതിയെ പിറകോട്ടടിച്ചു. വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഓരോ വര്‍ഷം കഴിയുന്തോറും രൂക്ഷമാകുമ്പോള്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതെ പോകുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫ്ളാറ്റുകള്‍, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കും നിയമം ബാധകമാണെങ്കിലും പാലിക്കപ്പെടാതെ പോകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, വേണ്ട പരിചരണമില്ലാതെ നശിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.