വിഴിഞ്ഞത്ത് സുരക്ഷാ വേലി മറികടന്നും ദുരന്തം

വിഴിഞ്ഞം: സുരക്ഷാ വേലി സ്ഥാപിച്ചിട്ടും ബൊള്ളാര്‍ഡ് പരിശോധനാ കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഞെട്ടി പ്രദേശ വാസികള്‍. സ്ഥലത്ത് നിരവധി ജീവന്‍ പൊലിഞ്ഞിട്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് ആക്ഷേപം. പ്രദേശത്ത് ഇതിനു മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍നിന്ന് സെല്‍ഫി എടുക്കവെ ആന്ധ്ര സ്വദേശിയായ യുവാവ് ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ വീണിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം തമിഴ്നാടിന് സമീപത്തുനിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. അന്ന് സുരക്ഷാ വീഴ്ചയെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നത്തോടെ ബൊള്ളാര്‍ഡില്‍നിന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളിലേക്ക് ഇറങ്ങേണ്ട പടിക്കെട്ട് കോസ്റ്റല്‍ പൊലീസ് കയറുകള്‍കൊണ്ട് കെട്ടി അടച്ചു. കൂടാതെ, ബൊള്ളാര്‍ഡ് പരിശോധനാ കേന്ദ്രത്തിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാന്‍ ചുറ്റുവേലിക്ക് മുകളില്‍ ഉയരത്തില്‍ താല്‍ക്കാലിക വേലിയും നിര്‍മിച്ചു. സ്ഥലത്ത് വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. പകല്‍സമയങ്ങളില്‍ ആരെങ്കിലും പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കയറിയാല്‍ നാട്ടുകാരോ സമീപത്തെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരോ മുന്നറിയിപ്പ് നല്‍കും. രാത്രി കാറ്റുകൊള്ളാന്‍ നിരവധി ആളുകള്‍ ബൊള്ളാര്‍ഡിന് സമീപം എത്തുന്നുണ്ട്. ഇപ്പോള്‍ കുറച്ചുദിവസങ്ങളായി സ്ഥലത്തെ വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. വെളിച്ചം ഇല്ലാത്തതുകാരണം രാത്രി ബൊള്ളാര്‍ഡിന് സമീപം ആരെങ്കിലും നിന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടില്ല. ബൊള്ളാര്‍ഡില്‍നിന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളിലേക്ക് പ്രവേശിക്കാനുള്ള ഏക വഴി പടിക്കെട്ടുകളാണ്. ഇത് കെട്ടിയടക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ല. പ്രദേശവാസികളായ ചിപ്പി വാരല്‍ തൊഴിലാളികള്‍ കടലിലേക്ക് ഇറങ്ങാന്‍ ഈ വഴി ഉപയോഗിക്കുന്നതിനാലാണ് അതിനുകഴിയാതെ വന്നത്. വഴുക്കല്‍ നിറഞ്ഞ പാറക്കൂട്ടങ്ങളും അപ്രതീക്ഷിതമായി അടിക്കുന്ന കൂറ്റന്‍ തിരമാലകളുമാണ് സ്ഥലത്തെ അപകടങ്ങള്‍ക്ക് കാരണം. കാല്‍വഴുതി കടലില്‍ വീഴുന്നവര്‍ 20 മീറ്ററിലേറെ ആഴത്തിലേക്കാണ് പോകുന്നത്. ശക്തമായ തിരയടി ഉള്ള പ്രദേശമായതിനാല്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടാകും. ഉടന്‍തന്നെ വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചില്ളെങ്കില്‍ കൂടുതല്‍ ജീവന്‍ സ്ഥലത്ത് പൊലിയുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.