ഇടതുചേര്‍ന്ന് തലസ്ഥാനം

തിരുവനന്തപുരം: താമര വിരിഞ്ഞെങ്കിലും കനത്ത മത്സരത്തിനൊടുവില്‍ തലസ്ഥാനജില്ല കൂടെ കൂട്ടാനായത് എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തായി. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലടക്കം വിയര്‍ത്തെങ്കിലും പൊരുതി നേടാനായതിന്‍െറ ആശ്വാസവും ഇടതുക്യാമ്പിനുണ്ട്. പക്ഷേ, നേമം കൈവിട്ടത് നീറ്റലായി അവശേഷിക്കും. ബി.ജെ.പിക്കാകട്ടെ ഏറെനാളത്തെ സ്വപ്നവും പ്രതീക്ഷയും രാജഗോപാലിലൂടെ ഇക്കുറി സാക്ഷാത്കരിക്കാനായതിന്‍െറ ആഹ്ളാദവും. മറുവശത്താകട്ടെ ഉറച്ച മണ്ഡലങ്ങള്‍ കൈവിട്ടതിന് പിന്നാലെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമടക്കം പരാജയപ്പെട്ടതിന്‍െറ ആഘാതം യു.ഡി.എഫ് ക്യാമ്പുകളെ വിട്ടൊഴിയുന്നില്ല. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ ഇടതിനെ തുണച്ചപ്പോള്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളാണ് നാണക്കേടില്‍നിന്ന് യു.ഡി.എഫിനെ കാത്തത്. ഇതില്‍ വര്‍ക്കല, നെടുമങ്ങാട്, കഴക്കൂട്ടം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം, അരുവിക്കര, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുകയും കോവളം മണ്ഡലം എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു. അതേ സമയം, എല്‍.ഡി.എഫ് കൈവശംവെച്ച നേമമാണ് ഒ. രാജഗോപാല്‍ പിടിച്ചെടുത്തത്. വട്ടിയൂര്‍ക്കാവില്‍ 2011ല്‍ എല്‍.ഡി.എഫിലെ ചെറിയാന്‍ ഫിലിപ്പിനോട് 16167 വോട്ടിന്‍െറ മേല്‍ക്കൈയില്‍ ജയിച്ച കെ. മുരളീധരന്‍െറ ഭൂരിപക്ഷം 7622 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് 2011ല്‍ വി.സുരേന്ദ്രന്‍പിള്ളക്കെതിരെ 5352 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച വി.എസ്. ശിവകുമാര്‍ ഇക്കുറി ലീഡ് 10905 ആയി ഉയര്‍ത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം. വിജയകുമാറിനെതിരെ 10128 വോട്ട് ഭൂരിപക്ഷം നേടിയ ശബരീനാഥന്‍ ഇക്കുറി അത് 21314 ആയി വര്‍ധിപ്പിച്ചു. കോവളത്ത് 7205 വോട്ടിന് കഴിഞ്ഞവട്ടം യു.ഡി.എഫിലെ ജോര്‍ജ് മെഴ്സിയറെ തോല്‍പിച്ച ജമീലാ പ്രകാശം ഇക്കുറി 2615 വോട്ടിന് യു.ഡി.എഫിലെ എം. വിന്‍സെന്‍റിനോട് പരാജയം സമ്മതിച്ചു. എല്‍.ഡി.എഫിലെ എ.എ. റഹീമിനെ 10710 വോട്ടിന് 2011ല്‍ പരാജയപ്പെടുത്തിയ വര്‍ക്കല കഹാറില്‍നിന്ന് വി. ജോയി മണ്ഡലം തിരിച്ചുപിടിച്ചത് 2386 വോട്ടിനാണ്. ആറ്റിങ്ങലില്‍ 2011ല്‍ കോണ്‍ഗ്രസിലെ തങ്കമണി ദിവാകരനെതിരെ 30065 വോട്ടായിരുന്നു ബി. സത്യന്‍െറ ലീഡെങ്കില്‍ ഇക്കുറിയത് 40383 ആയി ഉയര്‍ന്നു. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ബി. സത്യനാണ്. ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെ. വിദ്യാധരനെതിരെ 12225 ആയിരുന്നു വി. ശശിയുടെ ലീഡെങ്കില്‍ ഇത്തവണ അത് 14322 വോട്ടാണ്. വാമനപുരത്ത് 2011ല്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ കോണ്‍ഗ്രസിലെ സി. മോഹനചന്ദ്രനെതിരെ നേടിയത് 2236 വോട്ടിന്‍െറ മേല്‍ക്കൈയാണ്. ഡി.കെ. മുരളി ഇക്കുറി അത് 9596 ആയി മാറ്റിയെഴുതി. പാറശ്ശാലയില്‍ കഴിഞ്ഞ വട്ടം 505 വോട്ടിന് ആനാവൂര്‍ നാഗപ്പനെ കീഴ്പെടുത്തിയ എ.ടി. ജോര്‍ജ് 18566 വോട്ടിനാണ് സി.കെ. ഹരീന്ദ്രനോട് തോല്‍വി സമ്മതിച്ചത്. കാട്ടാക്കടയില്‍ 12916 ആയിരുന്നു ശക്തന്‍െറ മുമ്പത്തെ ലീഡ്. ഇത്തവണ ഐ.ബി. സതീഷിനോട് പരാജയപ്പെട്ടതാവട്ടെ 849 വോട്ടിനും. നെയ്യാറ്റിന്‍കരയില്‍ 6702 വോട്ടിന് ജയിച്ച ശെല്‍വരാജ് ഇത്തവണ കെ. ആന്‍സലനോട് പരാജയപ്പെട്ടത് 9543 വോട്ടിനാണ്. 6415 വോട്ട് ഭൂരിപക്ഷം നേടിയായിരുന്നു കഴിഞ്ഞ തവണ നേമത്ത് ഒ. രാജഗോപാലിനെ പരാജയപ്പെടുത്തി വി. ശിവന്‍കുട്ടി നിയമസഭയിലത്തെിയത്. ഇത്തവണ ശിവന്‍കുട്ടിയുടെ പരാജയമാകട്ടെ 8671 വോട്ടിനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.