ഇടത് തേരോട്ടത്തില്‍ അനന്തപുരി; ആരവങ്ങളില്‍ നഗരം

തിരുവനന്തപുരം: ചെഞ്ചായമണിഞ്ഞ് തലസ്ഥാന നഗരം... ആഹ്ളാദാരവങ്ങളില്‍ പ്രവര്‍ത്തകര്‍... മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ പകല്‍ അക്ഷരാര്‍ഥത്തില്‍ ഇടതുതരംഗത്തിന്‍െറ പ്രതിഫലനമായി. ചെങ്കൊടി കെട്ടിയ വാഹനങ്ങള്‍ നിറഞ്ഞ നിരത്തുകളില്‍ സ്ഥാനാര്‍ഥികള്‍കൂടി എത്തിയതോടെ ചുവപ്പിന്‍െറ പ്രവാഹമായി മാറുകയായിരുന്നു നഗരം. ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പാഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന ഇടതുപ്രവര്‍ത്തകരായിരുന്നു എവിടെയും. 14ല്‍ ഒമ്പതും സ്വന്തമാക്കിയ വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും തലസ്ഥാനനഗരിയിലേക്കൊഴുകി. നേമം കൈവിട്ടതിന്‍െറ വിഷാദം മറ്റ് മണ്ഡലങ്ങളിലെ വിജയാഹ്ളാദത്തില്‍ അലിഞ്ഞ് ചേര്‍ന്നു. അതേസമയം, നേതാക്കളുടെ മുഖത്ത് നേമത്തെ നിരാശ ആഹ്ളാദത്തിനിടയിലും നിഴലിക്കുന്നുണ്ടായിരുന്നു. നാല് മണ്ഡലങ്ങളില്‍ വിജയം നേടിയെങ്കിലും സംസ്ഥാനാടിസ്ഥാനത്തില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫിന്‍െറ ആഘോഷപ്രകടനങ്ങള്‍ താരതമ്യേന കുറവായിരുന്നു. വിജയിച്ച മണ്ഡലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് ആഘോഷം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ത്രികോണ മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരുന്നു ജില്ല സാക്ഷ്യം വഹിച്ചത്. ഇടതുമുന്നണിയുടെ ആഘോഷങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച് നഗരത്തിലേക്കും തുടര്‍ന്ന് ജില്ലയുടെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പരമ്പരാഗതമായി ജയിച്ചുവരുന്ന ആറ്റിങ്ങലിനും ചിറയിന്‍കീഴിനും വാമനപുരത്തിനും പുറമെ ചില മണ്ഡലങ്ങളില്‍ നടത്തിയ അട്ടിമറികളും തിരിച്ചുവരവുകളും നെയ്യാറ്റിന്‍കരയിലെ മധുരപ്രതികാരവുമെല്ലാം ഇടതുപ്രവര്‍ത്തകരെ ആവേശഭരിതരാക്കി. വിജയമുറപ്പിച്ചതോടെ ഇടതുപ്രവര്‍ത്തകര്‍ മണ്ഡലങ്ങളിലേക്ക് നീങ്ങി. സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ജഴ്സികളും മുഖംമൂടിയുമണിഞ്ഞാണ് ചില പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്. തങ്ങളുടെ എം.എല്‍.എയെ സ്വീകരിക്കാന്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് പായസം വിളമ്പ്, പടക്കം പൊട്ടിക്കല്‍, ലഡുവിതരണം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികളും വോട്ടര്‍മാരോട് നന്ദി അറിയിച്ച് പ്രകടനം നടത്തി. വോട്ടെണ്ണിയ നേരമത്രയും മാറിനിന്ന മഴ വൈകീട്ടോടെ എത്തിയെങ്കിലും പ്രവര്‍ത്തകരുടെ ആവേശം കെടുത്താനായില്ല. രാത്രി വൈകിയും ആഘോഷങ്ങള്‍ തുടര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.