വാമനപുരം: ചെങ്കോട്ട പിളര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്‍െറ ‘കൈ’ ഒടിഞ്ഞു

തിരുവനന്തപുരം: 39 വര്‍ഷമായി വാമനപുരത്തിന്‍െറ മണ്ണിലുറച്ച ചെങ്കോട്ട പിളര്‍ക്കാന്‍ ഇറങ്ങിയ യു.ഡി.എഫിന്‍െറ ‘കൈ’ വീണ്ടും ഒടിഞ്ഞു. മണ്ഡലത്തിന്‍െറ വികസനമുരടിപ്പും സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയവും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. ശരത്ചന്ദ്രപ്രസാദിനെ 9596 വോട്ടിന് തറപറ്റിച്ചാണ് ഡി.കെ. മുരളി വാമനപുരത്തെ ഇടംനെഞ്ചോട് ചേര്‍ത്തത്. അടിയൊഴുക്കും ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമായ മണ്ഡലത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ശരത്തിന് 56252 വോട്ട് മാത്രമാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ആര്‍.വി. നിഖിലിന് 13956 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. യു.ഡി.എഫ് കേന്ദ്രങ്ങളില്‍പോലും ഇടതുമുന്നണിക്ക് ശക്തമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചതാണ് കഴിഞ്ഞതവണത്തേക്കാള്‍ നാലിരട്ടി ഭൂരിപക്ഷം ഡി.കെ. മുരളിക്ക് സമ്മാനിച്ചത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് 900ത്തില്‍ കുറയാത്ത വോട്ടിന്‍െറ ഭൂരിപക്ഷം കിട്ടിയിരുന്ന നെല്ലനാട് പഞ്ചായത്തില്‍പോലും ഡി.കെ 187 വോട്ടിന്‍െറ ഭൂരിപക്ഷം നേടി. സാമുദായിക ധ്രുവീകരണം പ്രകടമായിനിന്ന തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് പിടിച്ചതില്‍ 90 ശതമാനം കോണ്‍ഗ്രസ് വോട്ടുകളെന്ന് വ്യക്തം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5228ഉം തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11207ഉം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 20000ല്‍പരം വോട്ടും നേടിയ ബി.ജെ.പിക്ക് ബി.ഡി.ജെ.എസിന്‍െറ പിന്തുണ ഉണ്ടായിട്ടും 13956 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.