പോളിങ് 72.46 ശതമാനം; 4.16 ശതമാനം വര്‍ധന

തിരുവനന്തപുരം: ജില്ലയില്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പോളിങ് ശതമാനത്തില്‍ വര്‍ധന. 4.16 ശതമാനം പോളിങ്ങാണ് കൂടുതല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ 68.26 ശതമാനത്തില്‍നിന്ന് ഇത്തവണ 72.42 ആയാണ് വര്‍ധിച്ചത്. ജില്ലയിലെ 14 മണ്ഡലത്തില്‍ വര്‍ക്കലയിലൊഴികെ മറ്റിടങ്ങളിലെല്ലാം പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കലയില്‍ 2011ലെ 72.49 ശതമാനത്തില്‍നിന്ന് 71.46 ശതമാനമായി കുറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് റിപ്പോര്‍ട്ട് ചെയ്തത് കാട്ടാക്കട മണ്ഡലത്തിലാണ്-76.57 ശതമാനം. 2011ലെ 70.57 ശതമാനത്തില്‍നിന്ന് ആറു ശതമാനമാണ് ഇവിടെ വര്‍ധിച്ചത്. 65.19 ശതമാനം പോള്‍ ചെയ്ത തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ്. അതേസമയംതന്നെ കഴിഞ്ഞ തവണത്തെ 65.19ല്‍നിന്ന് 4.97 ശതമാനം വര്‍ധനയുമാണിത്. രണ്ടാം സ്ഥാനത്തുള്ളത് അരുവിക്കര നിയോജകമണ്ഡലമാണ്-75.76 ശതമാനം. 2011നെ അപേക്ഷിച്ച് ഇവിടെ പോളിങ് ഉയര്‍ന്നത് 5.55 (70.21)ശതമാനമാണ്. 75.26 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച പാറശ്ശാല മണ്ഡലമാണ് മൂന്നാം സ്ഥാനത്തുള്ളത്. 2011മായി താരതമ്യം ചെയ്യുമ്പോള്‍ നേമം മണ്ഡലത്തിലാണ് പോളിങ് വര്‍ധന പ്രകടമാകുന്നത്. 2011ലെ 67.49 ശതമാനത്തില്‍നിന്ന് 6.92 ശതമാനമാണ് നേമത്ത് പോളിങ് ഉയര്‍ന്നത്. ആറ്റിങ്ങലില്‍ 69.38ഉം ചിറയിന്‍കീഴ് 70.09 ഉം നെടുമങ്ങാട്ട് 73.94 ഉം വാമനപുരത്ത് 71.46 ഉം കഴക്കൂട്ടം 73.46 ഉം വട്ടിയൂര്‍ക്കാവില്‍ 69. 83ഉം കോവളത്ത് 74.01ഉം നെയ്യാറ്റിന്‍കര 74.99 ഉം ശതമാനമാണ് പോളിങ്. പോളിങ് ശതമാനത്തിലെ വര്‍ധന മുന്നണികളെയും സ്ഥാനാര്‍ഥികളുടെയും ആത്മവിശ്വാസവും ഒപ്പം ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. ബൂത്തുതല കണക്കെടുപ്പിന്‍െറയും കൂട്ടിക്കിഴിക്കലുകളുടെയും ദിവസമായിരുന്നു ചൊവ്വാഴ്ച. ബൂത്തുകള്‍ ആര്‍ക്കൊപ്പം എന്നത് മനസ്സിലാക്കി താഴത്തേട്ടില്‍ നിന്നുള്ള വോട്ടുചിത്രം മനസ്സിലാക്കാനായിരുന്നു പാര്‍ട്ടികളുടെ ശ്രമം. പല മണ്ഡലത്തിലും ചിത്രം അവ്യക്തമായിതന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പാരവങ്ങള്‍ അവസാനിച്ചതിന്‍െറ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികളെങ്കിലും നെഞ്ചിടിപ്പോടെയാണ് അവരുടെയും വിശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.