70 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 70 മാതൃകാ പോളിങ് സ്റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളും. വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് വനിതാ പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കുന്നത്. ഇവിടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കുന്നവയായിരിക്കും മാതൃകാ പോളിങ് സ്റ്റേഷനുകള്‍. എല്ലാ മണ്ഡലത്തിലും അഞ്ചുവീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ബൂത്തുകളില്‍തന്നെ കുടിവെള്ള സൗകര്യം, ക്യൂ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ കസേരകള്‍, ആവശ്യമായ ഫര്‍ണിച്ചര്‍, വനിതകള്‍ക്ക് വിശ്രമമുറികള്‍ തുടങ്ങിയവ മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ ഉറപ്പാക്കും. വികലാംഗര്‍, ഗര്‍ഭിണികള്‍, കുട്ടികളോടൊപ്പം വരുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് വോട്ട് ചെയ്യാന്‍ മുന്‍ഗണനയുണ്ടാകും. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ഫീഡിങ് ക്യാബിനുകള്‍ ഉണ്ടാകും. അംഗപരിമിതര്‍ക്കും രോഗികള്‍ക്കും സഹായകരമായരീതിയില്‍ പടികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ആവശ്യമായ സജ്ജീകരണം സാമൂഹികക്ഷേമ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തും. സുരക്ഷക്ക് വനിതാ കോണ്‍സ്റ്റബ്ള്‍മാരുമുണ്ടാകും. ഇതിനുപുറമെ, സി.എ.പി.എഫ് സേനയും സുരക്ഷക്ക് പിന്തുണയേകും. ആദ്യമായാണ് വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍ തയാറാക്കുന്നത്. മാതൃകാ പോളിങ് സ്റ്റേഷനുകള്‍ നേരത്തേ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളില്‍ ആദ്യമായാണ്. മാതൃകാ, വനിതാ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന്‍െറ ഒരുക്കങ്ങളുടെ പുരോഗതി നിരവധിതവണ വിലയിരുത്തിയിരുന്നു. റാമ്പുകള്‍ ഇല്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ അവ ഒരുക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ബൂത്തുകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സ്, വീല്‍ ചെയര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.