ആറ്റിങ്ങല്‍: വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ സ്റ്റെറിലൈസ് ചെയ്യുന്നതിനുള്ള ഓട്ടോക്ളേവ് പൊട്ടിത്തെറിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്. നഴ്സിങ് അസിസ്റ്റന്‍റ് വര്‍ക്കല സ്വദേശി സുനില്‍കുമാറിനാണ് (37) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ശനിയാഴ്ച ആശുപത്രിയില്‍ ഓപറേഷനുകള്‍ ഇല്ലായിരുന്നു. ഓപറേഷന്‍ തിയറ്ററും അനുബന്ധ റൂമുകളും വൃത്തിയാക്കുന്ന ദിവസമായിരുന്നു. രാവിലെ ഓപറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ എക്യൂപ്മെന്‍റ്സ് ശുചീകരിക്കാന്‍ സുനില്‍കുമാര്‍ സ്റ്റെറിലൈസിങ് റൂമില്‍ കയറി. ഓട്ടോക്ളേവിനുള്ളില്‍ ഇവ നിക്ഷേപിച്ച് സ്റ്റെറിലൈസ് ചെയ്ത് കൊണ്ട് നില്‍ക്കെ ഓട്ടോ ക്ളേവ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഡോര്‍ തകര്‍ന്ന് സുനില്‍കുമാര്‍ തൊട്ടടുത്ത മുറിയിലേക്ക് തെറിച്ചുവീണു. അബോധാവസ്ഥയിലായ സുനില്‍കുമാറിനെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിളച്ച വെള്ളം തെറിച്ച് സുനില്‍കുമാറിന്‍െറ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഓപറേഷന്‍ തിയറ്റര്‍ നവീകരണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പുതുതായി രണ്ട് ഓട്ടോ ക്ളേവുകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒരെണ്ണം മാസങ്ങള്‍ക്കുമുമ്പ് പൊട്ടിത്തെറിച്ചു. ഈ സമയം സ്റ്റെറിലൈസ് മുറിക്കുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇതോടൊപ്പം വാങ്ങിയ സ്റ്റെറിലൈസ് മെഷീനാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. അപകടകാരണം വ്യക്തമല്ല. നേരത്തേ ഉപയോഗിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ സ്റ്റെറിലൈസ് മെഷീനുകള്‍. ഇവ ഉപയോഗിക്കുന്നതിലെ പാകപ്പിഴയാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. ഓപറേഷന്‍ തിയറ്ററിനുള്ളിലെ ഇലക്ട്രിഫിക്കേഷനില്‍ തകരാറുകള്‍ ഉണ്ടെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.