ജിഷയുടെ കൊലപാതകം: തലസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ശനിയാഴ്ചയും തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. രാവിലെ 11ന് അഖിലേന്ത്യാ ഇടത് വനിതാ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചായിരുന്നു ആദ്യം. പ്രകടനമായി എത്തിയ 100ഓളം അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജിഷയുടെ ഘാതകരെ പിടിക്കാന്‍ കഴിയാതെ പൊലീസ് നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റോഡ് ഷോയുമായി നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ഇടപെട്ട് തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചിരിക്കുകയാണ്. കൊലപാതകം നടന്നാല്‍ സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. എന്നാല്‍, ഇവിടെ ഇതിന് അനുവദിച്ചു. അതിനാല്‍ വിരലടയാള വിദഗ്ധര്‍ക്ക് ഒന്നും ലഭിച്ചില്ല. ദിവസങ്ങള്‍ പിന്നിടുമ്പോഴും പൊലീസ് പ്രതിയുടെ പടം വരച്ച് രസിക്കുകയാണ്. ഇങ്ങനെ രേഖാചിത്രം പുറത്തുവിടാനാണെങ്കില്‍ ഡി.ജി.പിയുടെ സ്ഥാനത്ത് ചിത്രകാരനെ വെച്ചാല്‍ മതിയായിരുന്നു. നിലവിലെ അന്വേഷണ സംഘത്തെ പിരിച്ചുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുന്‍ മേയര്‍ കെ.ചന്ദ്രിക, കൗണ്‍സിലര്‍മാരായ എസ്. പുഷ്പലത, ഷാജിത നാസര്‍, നേതാക്കളായ ഇന്ദിരരവീന്ദ്രന്‍, മീനാംബിക തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡാന്‍സര്‍ തമ്പി പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലത്തെിയെങ്കിലും പൊലീസ് തടഞ്ഞു. ട്യൂബ് ലൈറ്റ് അടിച്ചുപൊട്ടിച്ച് അതു തുണിയുമായി ചേര്‍ത്ത് കഴുത്തില്‍കെട്ടി കാര്‍ വലിക്കാനുള്ള തമ്പിയുടെ ശ്രമമാണ് തടഞ്ഞത്. കേരള സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഉപവാസം നടത്തി. സംസ്ഥാന നേതാക്കളായ ഐത്തിയൂര്‍ സുരേന്ദ്രന്‍, തൈക്കാട് വിജയകുമാര്‍, ബാര്‍ട്ടണ്‍ഹില്‍ ബാബു തുടങ്ങിയവരാണ് ഉപവാസം നടത്തിയത്. സുശീല ബി. നായര്‍, സുജലോപ്പസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫേസ്ബുക് കൂട്ടായ്മയും പ്രതിഷേധം സംഘടിപ്പിച്ചു. പൂന്തൂറ കെ.സി.വൈ.എമ്മിന്‍െറ നേതൃത്വത്തില്‍ പൂന്തൂറ സെന്‍റ് തോമസ് ചര്‍ച്ചില്‍ 150 പരം യുവജനങ്ങള്‍ അണിനിരന്ന മൗനറാലി നടത്തി. മെഴുകുതിരികള്‍ കത്തിച്ചാണ് റാലി നടത്തിയത്. കെ.സി.വൈ.എം ഡയറക്ടര്‍ ഫാ. ഡാനി പേള്‍ സന്ദേശം നല്‍കി. ആനിമേറ്റര്‍ സിസ്റ്റര്‍ ബോബി സംസാരിച്ചു. വിഷന്‍കേരളയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ വിവിധ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി മാഗ്ളീന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ജിഷയുടെ ഘാതകരെ മേയ് 16നകം പിടികൂടിയില്ളെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് അവര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. വിഷന്‍ കേരള പ്രസിഡന്‍റ് ക്ളിനോയി, ദിശ ഫൗണ്ടേഷന്‍ സെക്രട്ടറി ആരതി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.