ഗോദയില്‍ ചെമ്പഴന്തി എസ്.എന്‍ കോളജിലെ ഏഴ് മല്ലന്മാര്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്തന്മാരെ വാര്‍ത്തെടുത്ത പാരമ്പര്യമാണ് ചെമ്പഴന്തി എസ്.എന്‍ കോളജിന്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ ചൂര് മണക്കുന്ന ക്ളാസ്മുറികളില്‍നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വളര്‍ന്നവര്‍ ഏറെ. എസ്.എന്‍ കോളജിലെ രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ഏഴുപേരാണ് 14ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എം.എല്‍.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി.കെ. മുരളി, അഡ്വ. വി. ജോയി എന്നിവരാണ് ഇവര്‍. എം.എം. ഹസന്‍ (ചടയമംഗലം) ഒഴിച്ച് ബാക്കിയുള്ളവരുടെ പോര് തലസ്ഥാനത്തുതന്നെ. എസ്.എന്നിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിലൊന്നാണ് വാമനപുരം. യു.ഡി.എഫ് സ്ഥാനാര്‍ഥി ശരത്ചന്ദ്രപ്രസാദും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡി.കെ. മുരളിയുമാണ്. ശരത്ചന്ദ്രപ്രസാദ് നിലവില്‍ ചെമ്പഴന്തി എസ്.എന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ചെസ്ന’യുടെ പ്രസിഡന്‍റാണ്. 1976ല്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായി എത്തിയ ശരത്ചന്ദ്രപ്രസാദിലൂടെയാണ് കോളജില്‍ കെ.എസ്.യു ചുവടുറപ്പിക്കുന്നത്. അക്കാലത്ത് നടത്തിയ വിദ്യാര്‍ഥി സമരങ്ങളുടെ പേരില്‍ നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1981ല്‍ എസ്.എന്‍ കോളജില്‍ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥിയായി ചേര്‍ന്ന ശരത്, രണ്ടാംവര്‍ഷം കേരള യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാനുമായി. ചെയര്‍മാനായിരിക്കെ 1983 ഒക്ടോബര്‍ 23ന് കാമ്പസിലത്തെിയ ഒരുവിഭാഗം അക്രമികള്‍ ഇദ്ദേഹത്തിനുനേരെ അക്രമം അഴിച്ചുവിട്ടു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. ഡി.കെ. മുരളി ’78ലാണ് കോളജില്‍ ബി.എ ചരിത്രവിദ്യാര്‍ഥിയായി എത്തുന്നത്. 80-81 കാലയളവില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായും കോളജിലെ യൂനിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വാമനപുരത്തിനുപുറമെ പൂര്‍വവിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമാണ് കഴക്കൂട്ടം. ശക്തമായ ത്രികോണമത്സരം നടക്കുന്ന കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. വാഹിദും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനും എസ്.എന്നിലെ സമകാലികരാണ്. 1969ല്‍ ജീവശാസ്ത്ര വിദ്യാര്‍ഥിയായാണ് എം.എ. വാഹിദ് എസ്.എന്നില്‍ എത്തുന്നത്. ’70ല്‍ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായി. ’71ല്‍ വിദ്യാര്‍ഥി സമരങ്ങളുടെ പേരില്‍ വാഹിദിനെ സസ്പെന്‍ഡ് ചെയ്യുകയും സസ്പെന്‍ഷനെതിരെ സമരം ചെയ്തതിന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് നിലമേല്‍ എന്‍.എസ്.എസ് കോളജില്‍നിന്നാണ് ഇദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയത്. 1969ല്‍ പ്രീഡിഗ്രിക്കായാണ് കടകംപള്ളി സുരേന്ദ്രന്‍ ചെമ്പഴന്തിയിലത്തെുന്നത്. കോളജിനകത്തും പുറത്തും എസ്.എഫ്.ഐയുടെ സമരമുഖങ്ങളില്‍ സ്ഥിരസാന്നിധ്യവും തീപ്പൊരി പ്രസംഗകനുമായിരുന്നു അന്ന് കടകംപള്ളി. 1996ല്‍ കോളജ് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ എം.എല്‍.എയുമായി. ഇത് രണ്ടാംതവണയാണ് വാഹിദും കടകംപള്ളിയും നേര്‍ക്കുനേര്‍ വരുന്നത്. 2006ല്‍ 215 വോട്ടിനാണ് വാഹിദ് കടകംപള്ളിയെ മലര്‍ത്തിയടിച്ചത്. വര്‍ക്കലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അഡ്വ.വി. ജോയി ’84ലാണ് എസ്.എന്നിന്‍െറ പടി ചവിട്ടുന്നത്. ബി.എ പൊളിറ്റിക്സായിരുന്നു വിഷയം. ’86-87 കാലയളവില്‍ യൂനിയന്‍ കൗണ്‍സിലറായ അദ്ദേഹം ’86ല്‍ യൂനിവേഴ്സിറ്റി സെനറ്റ് അംഗമായി. നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിയാകട്ടെ ’75ലാണ് കോളജിലത്തെുന്നത്. ചരിത്രമായിരുന്നു മുഖ്യവിഷയം. പഠനകാലയളവില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരഗാന്ധിക്കെതിരെ സമരം ചെയ്തതിന്‍െറ പേരില്‍ ജയില്‍വാസമനുഭവിച്ചു. എം.എം. ഹസന്‍ ’67ലാണ് പ്രീഡിഗ്രി ഇവിടെനിന്ന് പൂര്‍ത്തിയാക്കുന്നത്. ’66ല്‍ കോളജ് യൂനിയന്‍ കൗണ്‍സിലറായിരുന്നു. ’66ല്‍ കേരള യൂനിവേഴ്സിറ്റിയിലെ മികച്ച പ്രസംഗകനുള്ള സ്വര്‍ണമെഡലും ഹസന്‍ വിദ്യാര്‍ഥി ജീവിതത്തിനിടയില്‍ കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.