ആറ്റിങ്ങല്‍: കോഴിവളര്‍ത്തല്‍ പദ്ധതിയുടെ പേരില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. മണ്ണന്തല പൗഡിക്കോണം വെട്ടിക്കാട് ഹൗസില്‍ ജോജന്‍ മാത്യുവാണ് (62) പിടിയിലായത്. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ് കുഴിയില്‍മുക്ക്-ഇടയാവണം മേഖലയില്‍ 14 വീട്ടമ്മമാരെ കബളിപ്പിച്ച് പണംതട്ടിയ കേസിലാണ് അറസ്റ്റ്. പ്രതിയുടെ പേരില്‍ പാറശ്ശാലയിലും സമാനരീതിയിലുള്ള തട്ടിപ്പിന് കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്വയംതൊഴില്‍ എന്ന രീതിയില്‍ കോഴിവളര്‍ത്തലിലൂടെ മാസം 8000 രൂപ സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. അഞ്ചുമാസം മുമ്പാണ് സംഭവം. എന്‍.എസ്.എസ് കരയോഗം അംഗങ്ങളെയാണ് തട്ടിപ്പിനിരയാക്കിയത്. കൊല്ലമ്പുഴ എന്‍.എസ്.എസ് കരയോഗത്തില്‍ ജോജന്‍ മാത്യുവും മകനും പ്രോജക്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും 14 വീട്ടമ്മമാര്‍ ചേര്‍ന്ന് സ്വയം തൊഴില്‍ പദ്ധതി ആവിഷ്കരിക്കുകയുമായിരുന്നു. പ്രതിമാസം എണ്ണായിരം രൂപ വരുമാനം, ബാങ്ക് വായ്പ അടഞ്ഞു കഴിഞ്ഞാല്‍ കോഴിയും കൂടും സ്വന്തം, കോഴി ചത്തുപോയാല്‍ പകരം കോഴികള്‍, കോഴിത്തീറ്റ സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ജോജന്‍ മാത്യുവിന്‍െറ സ്വയംതൊഴില്‍ പദ്ധതി. കൂടിനും കോഴിക്കും മറ്റുമുള്ള പണം ബാങ്കില്‍നിന്ന് വായ്പയായി 12 ശതമാനം പലിശനിരക്കില്‍ വാങ്ങിനല്‍കുമെന്നും വീട്ടമ്മമാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന്, വീടും പുരയിടവും പണയപ്പെടുത്തി ഓരോരുത്തരെക്കൊണ്ട് 1.29 ലക്ഷം രൂപവീതം ഇയാള്‍ വായ്പയെടുപ്പിച്ചു. ശേഷം ഈ തുകയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. കോഴികള്‍ക്കും കൂടിനും ആദ്യതവണ കോഴിത്തീറ്റക്കുമായി അരലക്ഷത്തില്‍ താഴെയേ ചെലവു വരുകയുള്ളൂ. ഇത്ര മാത്രമേ വീട്ടുകാര്‍ക്ക് നല്‍കിയിട്ടുള്ളൂ. ബാങ്ക് വായ്പാ പലിശയുടെ നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ വീട്ടമ്മമാര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ഇയാള്‍ വീട്ടില്‍ എത്തിയതായി വിവരം ലഭിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എഗ്രിമെന്‍റ് പ്രകാരം കൂടും കോഴിയും നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, മലയാളത്തിലുള്ള എഗ്രിമെന്‍റ് വീട്ടുകാരെ വായിച്ചു കേള്‍പ്പിക്കുകയും ബാങ്കില്‍ ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള എഗ്രിമെന്‍റ് തയാറാക്കി ഇവരെക്കൊണ്ട് ഒപ്പിടുവിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങല്‍ സി.ഐ വി.എസ്. ബിജു, എസ്.ഐ എസ്. ശ്രീജിത്, പൊലീസുകാരായ ജയകുമാര്‍, ലിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.