കെ.എസ്.ഇ.ബി ഓഫിസില്‍ തീപിടിത്തം; നാല് മുറികള്‍ നശിച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി തിരുമല വേട്ടമുക്ക് സെക്ഷന്‍ ഓഫിസില്‍ തീപിടിത്തം. നാല് മുറികള്‍ നശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് തീപിടിത്തമുണ്ടായത്. നാലോളം മുറികള്‍ മേല്‍ക്കൂരയടക്കം കത്തിയമര്‍ന്നു. ഫയലുകള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന സ്റ്റോര്‍ റൂമുകളാണിവ. ഇവിടെയുണ്ടായിരുന്ന ഫയലുകളും നശിച്ചു. പകുതി കോണ്‍ക്രീറ്റും ശേഷിക്കുന്ന ഭാഗം ഓടും ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ രണ്ടാംഭാഗത്താണ് തീപിടിത്തമുണ്ടായത്. മേല്‍ക്കൂരക്ക് പുറമെ തടികൊണ്ടുള്ള തട്ടുകളും മുറികളിലുണ്ടായിരുന്നു. ഇവക്കുപുറമെ രണ്ട് കമ്പ്യൂട്ടറും ഫാനുകളും ഫര്‍ണിച്ചറും നശിച്ചവയില്‍പെടും. തീപിടിത്തമുണ്ടായ ഉടനെ ജീവനക്കാര്‍തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് വന്‍ അപകടം ഒഴിവാക്കി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ ശക്തമായതോടെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവിടെനിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും മേല്‍ക്കൂരയുടെ പകുതിയോളം കത്തിയമര്‍ന്നിരുന്നു. വൈദ്യുതി ലൈനുകളുള്ളതിനാല്‍ മറ്റിടങ്ങളിലേക്ക് തീപടരുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. തീപിടിച്ച മുറിയില്‍ പേപ്പര്‍ ഫയലുകളായിരുന്നു ഏറെയും. ഇതാണ് തീ ആളിപ്പടരാന്‍ കാരണമാക്കിയത്. ഫയര്‍ഫോഴ്സ് സംഘം രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. 11 മുറികള്‍ ഉള്ള പഴയ കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മുന്നിലെ നാല് മുറികള്‍ കോണ്‍ക്രീറ്റ് ചെയ്തതും ബാക്കി മുറികള്‍ ഓടിട്ടതുമാണ്. ചെങ്കല്‍ചൂളയില്‍നിന്ന് സ്റ്റേഷന്‍ അസിസ്റ്റന്‍റ് ഡിവിഷന്‍ ഓഫിസര്‍ ദിലീപ്, ലീഡിങ് ഫയര്‍മാന്‍ ബിജു, ഫയര്‍മാന്‍മാരായ അരുണ്‍, മഹേഷ്, വിജിന്‍ലാല്‍, ഷൈജു, സഹീര്‍, സതി, ശ്യാംകുമാര്‍, പ്രശാന്ത്, ഡ്രൈവര്‍മാരായ പ്രശാന്ത്, സുജീഷ്, ശ്യാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.