ശിവാലയഓട്ടം തുടങ്ങി

നാഗര്‍കോവില്‍: ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയില്‍ മാത്രം നടക്കാറുള്ള ശിവാലയഓട്ടത്തിന് ഞായറാഴ്ച സന്ധ്യക്ക് തുടക്കംകുറിച്ചു. കാല്‍നടയായി ക്ഷേത്ര ദര്‍ശനം നടത്തുന്ന ഭക്തരാണ് ശിവാലയഓട്ടത്തിലെ തുടക്കക്ഷേത്രമായ തിരുമല മഹാദേവക്ഷേത്രത്തില്‍ എത്തിയത്. അവിടത്തെ ക്ഷേത്രക്കുളത്തില്‍ ദേഹശുദ്ധിവരുത്തി ദീപാരാധന തൊഴുതാണ് ഭക്തര്‍ ഓട്ടം തുടങ്ങിയത്. തിങ്കളാഴ്ചയാണ് ശിവരാത്രി. കന്യാകുമാരി ജില്ലയില്‍ വിളവങ്കോട് കല്‍ക്കുളം താലൂക്കുകളില്‍ 100 കിലോമീറ്റര്‍ ചുററളവില്‍ വ്യാപിച്ചുകിടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ ഓടിയും നടന്നും ഒരു രാത്രിയും പകലും കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് ശിവാലയഓട്ടം. ശിവഭക്തര്‍ ഗോവിന്ദാ ഗോപാല എന്ന നാമോച്ചാരണവുമായാണ് ശിവാലയഓട്ടം തുടങ്ങിയത്. മുഞ്ചിറ തിരുമല മഹാദേവക്ഷേത്രം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിതാംകോട്, തിരുവിടയ്ക്കോട്, തൃപ്പന്നിയോട്, തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രവും സന്ദര്‍ശിച്ച് ഓട്ടം അവസാനിപ്പിക്കും. ഒരാഴ്ചത്തെ വ്രതാനുഷ്ഠാനത്തോടെ നഗ്നപാതരായി കാവിവസ്ത്രം ധരിച്ച് കൈയില്‍ പനയോല വിശറിയും ഭസ്മസഞ്ചിയുമായാണ് ഓട്ടക്കാര്‍ ദര്‍ശനത്തിന് തയാറായി എത്തിയത്. ഇപ്പോഴും ആചാരപ്രകാരം ശിവാലയഓട്ടം ഓടുന്നവര്‍ ഉണ്ടെങ്കിലും ഭൂരിപക്ഷവും ഇരുചക്രവാഹനത്തിലും ടൂറിസ്റ്റ് ബസിലുമായാണ് എത്തുക. കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ ശിവാലയഓട്ടത്തിനായി കന്യാകുമാരിയില്‍ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.