കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ച : നികുതിപിരിവിലെ അനാസ്ഥ; ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: നികുതി പിരിവിലെ അനാസ്ഥയും ഉദ്യോഗസ്ഥ അലംഭാവവും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ച. കാര്യക്ഷമമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാത്തതുകാരണം തനതുവരുമാനമായി കിട്ടാനുള്ള നികുതിവരുമാനത്തില്‍ വന്‍ഇടിവ് സംഭവിച്ചതായി രാഷ്ട്രീയഭേദമെന്യേ കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചു. ഇതിനിടെ പദ്ധതികള്‍ വേര്‍തിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നില്ളെന്ന വിമര്‍ശവും വിവിധകോണുകളില്‍നിന്ന് ഉയര്‍ന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറുന്ന വരുമാനം സ്വരൂപിക്കുന്നതിലെ പിഴവ് പരിശോധിക്കുമെന്ന് ചര്‍ച്ചക്ക് നല്‍കിയ മറുപടിയില്‍ മേയര്‍ ഒടുവില്‍ ചൂണ്ടിക്കാട്ടി. കരം പിരിച്ചെടുക്കാന്‍ ചുമതലയുള്ള റവന്യൂവിഭാഗം ഉത്സാഹം കാട്ടുന്നില്ളെന്ന പരാമര്‍ശവുമായാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍ പാളയം രാജന്‍ ചര്‍ച്ചക്ക് കൊഴുപ്പുകൂട്ടിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്വയംവിമര്‍ശത്തിന് വിധേയമാകണം. കോര്‍പറേഷന്‍െറ പക്കലുള്ള വസ്തുക്കളും അന്യാധീനപ്പെട്ട് കിടക്കുകയാണ്. അവ തിരിച്ചടുത്ത് വരുമാനമാക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രധാനകാരണമാണ്. ചില റവന്യൂ ഇന്‍സ്പെക്ടര്‍മാരും അസി. റവന്യൂ ഇന്‍സ്പെക്ടര്‍മാരും സെക്ഷനുകളില്‍ ജോലി ചെയ്യാതെ കഴിയുകയാണെന്നും പാളയം രാജന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് ഭരിക്കുന്ന ഭരണസമിതിയില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നുവെങ്കില്‍ അതിന് ഉത്തരവാദി കോര്‍പറേഷന്‍ ഭരണസമിതിയാണെന്നും ഭരണപരാജയം മറ്റാരുടെയും പേരില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്നും ബി.ജെ.പി അംഗം എം.ആര്‍. ഗോപന്‍ അഭിപ്രായപ്പെട്ടു. രണ്ടാംദിന ചര്‍ച്ചയിലും ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നതില്‍ അര്‍ഥമില്ളെന്നും ഹെഡ് തിരിച്ചുള്ള ചര്‍ച്ചയാണ് ഇനി നടക്കാനുള്ളതെന്നും യു.ഡി.എഫിലെ നെടുമം മോഹന്‍ ചൂണ്ടിക്കാട്ടി. ബജറ്റ് നിര്‍ദേശങ്ങളിലെ പല പരാമര്‍ശങ്ങളും പെരുപ്പിച്ച് കാട്ടിയിരിക്കുന്നു. അവിശ്വസനീയമായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തിരച്ച് ചര്‍ച്ചചെയ്യാത്ത ബജറ്റ് പൊള്ളയാണെന്നും എല്‍.ഡി.എഫ് ഭരണസമിതിയുടെ തട്ടിപ്പാണ് ബജറ്റിലൂടെ പുറത്തുവന്നതെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥര്‍ അവരുടെ പരിമിതിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണെന്നാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍ കെ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയത്. ധനാഗമമാര്‍ഗങ്ങള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. അത് കാര്യക്ഷമമായി പരിച്ചെടുക്കുക എന്നതുതന്നെയാണ് ഭരണപക്ഷത്തിന്‍െറ നയമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനസേവനകേന്ദ്രം എന്നൊരു സംവിധാനം കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബജറ്റ് പരാമര്‍ശം തെറ്റാണ്. കഴിഞ്ഞ എട്ടുമാസമായി അങ്ങനെയൊരു സംവിധാനം താനിവിടെ കണ്ടിട്ടില്ളെന്ന് ബി.ജെ.പി കൗണ്‍സിലര്‍ തിരുമല അനില്‍ പറഞ്ഞു. 2015-16 ല്‍ 70 ഓളം പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും അതിന് 619.75 കോടി നീക്കിവെച്ചിരുന്നുവെന്നും ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.