മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ ജില്ലാ ഓഫിസില്‍ വിജിലന്‍സ് മിന്നല്‍പരിശോധന

കൊല്ലം: മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ ജില്ലാ ഓഫിസില്‍ വിജിലന്‍സ് സംഘം മിന്നല്‍പരിശോധന നടത്തി. അനധികൃത മണ്ണെടുക്കാന്‍ സഹായിക്കത്തക്കവിധം പെര്‍മിറ്റുകള്‍ നല്‍കിയെന്ന പരാതിയെതുടര്‍ന്നാണ് പരിശോധന. മൂന്ന് മാസത്തെ പെര്‍മിറ്റ് നല്‍കിയതടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു. വീട് നിര്‍മാണത്തിന് പുരയിടത്തിലെ മണ്ണ് എടുക്കണമെങ്കില്‍ അനുമതി നല്‍കേണ്ടത് ജിയോളജി വിഭാഗമാണ്. ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍ അനധികൃതമായി മണ്ണെടുക്കുന്നുവെന്ന് കാട്ടി പരിസ്ഥിതി സംഘടനയാണ് പരാതി നല്‍കിയത്. അഞ്ച് സെന്‍റ് പുരയിടം വാങ്ങുന്നവര്‍ വീട് വെക്കുന്നതിന് പ്ളാന്‍ കാട്ടി പഞ്ചായത്തില്‍ നിന്ന് അനുമതി തേടും. തുടര്‍ന്ന് മണ്ണ് മാറ്റണമെന്ന ആവശ്യവുമായി രേഖകള്‍ സഹിതം ജിയോളജി വകുപ്പിനെ സമീപിക്കും. അപേക്ഷ പരിഗണിച്ച് അഞ്ച് സെന്‍റിലെ മണ്ണ് നീക്കുന്നതിന് പെര്‍മിറ്റ് കിട്ടുന്നതോടെയാണ് മണ്ണെടുപ്പിന്‍െറ വ്യാപ്തി വര്‍ധിക്കുന്നത്. പെര്‍മിറ്റിന്‍െറ ബലത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് കടത്തുന്നത്. കൊല്ലം, കൊട്ടാരക്കര താലൂക്കിലെ നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മണ്ണെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പെര്‍മിറ്റ് നല്‍കുന്നതില്‍ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും ഇത് പരിശോധനയില്‍ പുറത്തുവരുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിയോളജി വകുപ്പ് ഓഫിസില്‍ നിന്ന് കിട്ടിയ ഫയലുകള്‍ പരിശോധിച്ച ശേഷം മണ്ണെടുക്കാന്‍ അനുമതി നല്‍കിയ സ്ഥലങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. സ്ഥലപരിശോധനക്ക് ശേഷമേ അനധികൃത മണ്ണെടുപ്പിന്‍െറ വ്യാപ്തി തിട്ടപ്പെടുത്താന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ. എസ്.പി എന്‍. ജീജി, സി.ഐ പി. ജ്യോതികുമാര്‍, തഹസില്‍ദാര്‍ എം. വേണുഗോപാല്‍, എസ്.ഐ ജെറോം എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.