വ്യാജ ഡോക്ടറെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു; അന്വേഷണത്തില്‍ ഡോക്ടറെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ചികിത്സ തേടി എസ്.എ.ടി ആശുപത്രിയില്‍ എത്തിയ വനിതാ ഡോക്ടറെ വ്യാജ ഡോക്ടറെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. കരിക്കകം സ്വദേശിയായ വനിതാ ഡോക്ടര്‍ക്കാണ് എസ്.എ.ടി ആശുപത്രി അധികൃതരില്‍ നിന്നും ദുരനുഭവം നേരിട്ടത്. മെഡിക്കല്‍ പഠനവും ശ്രീചിത്രയില്‍ എം.എസ് പഠനവും പൂര്‍ത്തിയാക്കിയ ഡോക്ടര്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായി റൂമിന് പുറത്ത് ഇരിപ്പിടത്തില്‍ ഇരിക്കുമ്പോഴാണ് അതുവഴിവന്ന നഴ്സിംഗ് സൂപ്രണ്ടിന് ഇവര്‍ വ്യാജ ഡോക്ടറാണെന്ന സംശയം ഉദിച്ചത്. ഉടന്‍തന്നെ വിവരം മേലധികാരികളെ അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തത്തെിയ മെഡിക്കല്‍ കോളജ് പൊലീസ് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ഊഴം കാത്തിരുന്ന വനിതാ ഡോക്ടറെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതാണെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ ഇവര്‍ ഡോക്ടറാണെന്നും നഴ്സിങ് സൂപ്രണ്ടിന് അബദ്ധം പിണഞ്ഞതാണെന്നും പൊലീസിന് മനസിലായി. ഉടന്‍തന്നെ പൊലീസ് വനിതാ ഡോക്ടറെ മടക്കി അയച്ചു. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ കൂട്ടാക്കാതെ ഇവര്‍ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.