റോഡ് വികസനം; കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും

ആറ്റിങ്ങല്‍: നഗരത്തില്‍ കൈയേറ്റങ്ങളൊഴിപ്പിച്ച് റോഡ് വികസനം നടപ്പാക്കാന്‍ തീരുമാനം. പട്ടണത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നത് സംബന്ധിച്ച് ബി. സത്യന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിന് പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെ ദേശീയപാതവികസന പദ്ധതി നടപ്പാക്കും. 22 കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി ടെന്‍ഡര്‍ നടപടികളിലത്തെിക്കഴിഞ്ഞു. ഭൂവുടമകള്‍ സൗജന്യമായി നല്‍കുന്ന ഭൂമിയിലാണ് റോഡ് നിര്‍മിക്കുക. എന്നാല്‍, റോഡിന് ഭൂമി വിട്ടുനല്‍കുമ്പോള്‍ ഉപജീവനം നഷ്ടപ്പെടുന്നവരുള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരികളും ശക്തമായ അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചു. നഗരത്തില്‍ പുറമ്പോക്ക് ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടിയന്തരമായി റീസര്‍വേ നടപടികള്‍ തുടങ്ങാനും പുറമ്പോക്ക് ഭൂമി പൂര്‍ണമായി കണ്ടത്തൊനും തീരുമാനിച്ചു. റോഡ് വികസനം നടപ്പാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കും. ഇതിനായി നഗരഹൃദയത്തില്‍ത്തന്നെ സംവിധാനങ്ങളുണ്ടാക്കും. നഗരത്തില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള വണ്‍വേ സമ്പ്രദായം ശക്തമാക്കും. നഗരത്തില്‍ ഓടുന്ന അനധികൃത ഓട്ടോകള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കും. യാത്രക്കാരെ കയറ്റാന്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ദേശീയപാതയില്‍ ചുറ്റിക്കറങ്ങുന്ന ഓട്ടോകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. സ്വകാര്യബസുകള്‍ ജങ്ഷന്‍ കൈയേറുന്നത് ഒഴിവാക്കും. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ജങ്ഷനില്‍ നിര്‍ത്തിയിടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയുണ്ടാകും. മൂന്നുമുക്കിലെ വെള്ളക്കെട്ട് ഒഴിവാക്കാനുളള നടപടികളെടുക്കും. മാമത്തെ പഴയ ദേശീയപാത ഏറ്റെടുത്തുകൊണ്ട് സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുളള ബസ് ബേ നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കും. കൂടുതല്‍ സമയം പാര്‍ക്കിങ് ഉള്ള ബസുകള്‍ക്ക് ഇവിടെ പാര്‍ക്കിങ് കേന്ദ്രം ഒരുക്കാനാണ് പദ്ധതി. ബി.സത്യന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ എം. പ്രദീപ്, കലക്ടര്‍ ബിജുപ്രഭാകര്‍, റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ള എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.