കാത്തുകിടക്കലിന് അറുതിവരുന്നതും കാത്ത് ചിറയിന്‍കീഴ്

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് റെയില്‍വേ മേല്‍പാലം സ്വപ്നമായി അവശേഷിക്കുന്നു. യാത്രാക്ളേശത്തിന് പരിഹാരമില്ലാതെ റെയില്‍വേ ഗേറ്റുകളില്‍ കുരുങ്ങി ജനം വലയുകയാണ്. ശാര്‍ക്കര, റെയില്‍വേ സ്റ്റേഷന്‍, മഞ്ചാടിമൂട് ഗേറ്റുകളാണ് റെയില്‍വേ ലൈനില്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളത്. റെയില്‍വേ സ്റ്റേഷന് സമീപം മേല്‍പാലം നിര്‍മിച്ചാല്‍ ഒരുപരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ഇതിന് പദ്ധതി രൂപവത്കരിച്ചിട്ട് പതിറ്റാണ്ട് പിന്നിടുന്നു. എന്നാല്‍, അധികൃതരുടെ ഉദാസീനതമൂലം എങ്ങുമത്തെിയിട്ടില്ല. കടയ്ക്കാവൂര്‍ റോഡില്‍ ഏറെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് ചിറയിന്‍കീഴ് റെയില്‍വേഗേറ്റ്. ഇവിടെ ഓരോതവണ ഗേറ്റ് അടയുമ്പോഴും ടൗണിലെ ഗതാഗതം സ്തംഭിക്കും. ഈ സാഹചര്യത്തിലാണ് മേല്‍പാലം പണിയണമെന്ന ആവശ്യം ഉയരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിന് പ്രാഥമിക ചര്‍ച്ച തുടങ്ങി. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 2014 നവംബര്‍ ഒമ്പതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്നെങ്കിലും അലസിപ്പിരിഞ്ഞു. വസ്തുവിന്‍െറ വിലയെച്ചൊല്ലി റവന്യൂവിഭാഗവും ഉടമകളും തര്‍ക്കമുടലെടുത്തതായിരുന്നു കാരണം. തുടര്‍ന്ന് ജനരോഷം ശക്തമായതോടെ മേല്‍പാലത്തിനുള്ള ശ്രമങ്ങള്‍ വീണ്ടും ഊര്‍ജിതമായി. ചിറയിന്‍കീഴ് പഞ്ചായത്ത് മുന്‍കൈയെടുത്ത് വസ്തു വിട്ടുനല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ഉടമകള്‍ തയാറാകുകയുമായിരുന്നു. ഇതോടെ വീണ്ടും കലക്ടറുടെ അധ്യക്ഷതയില്‍ 2015 മാര്‍ച്ച് 24ന് യോഗം ചേര്‍ന്നു. ഇതുപ്രകാരം റെയില്‍വേഗേറ്റിന്‍െറ വലിയകട ഭാഗത്തെ വസ്തു എ എന്നും ഗേറ്റില്‍നിന്ന് പണ്ടകശാല വരെയുള്ള ഭാഗത്തെ വസ്തു ബി എന്നും തിരിച്ചു. എ വസ്തുവിന് ഒമ്പതുലക്ഷവും ബി ക്ക് 7.9 ലക്ഷവും വില നിശ്ചയിച്ചു. സ്ഥലമെടുക്കുമ്പോള്‍ കെട്ടിടത്തിന്‍െറ കാലപ്പഴക്കം കണക്കാക്കി ആനുപാതിക വില നല്‍കാനും വാടകക്കിരിക്കുന്നവര്‍ക്കും വാടകക്കെട്ടിടത്തില്‍ തൊഴിലെടുക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാനും ധാരണയായിരുന്നു. ഈ യോഗത്തില്‍ അടുത്ത നാലുമാസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. എന്നാല്‍, പിന്നീട് ഒരു നടപടിയുമുണ്ടായില്ല. റെയില്‍വേ ഗേറ്റിന് കുറുകെ 11 മുതല്‍ 19 മീറ്റര്‍ വരെ വീതിയിലും 700 മീറ്റര്‍ നീളത്തിലുമായി പണ്ടകശാല മുതല്‍ വലിയകട ജങ്ഷന് സമീപം വരെയാണ് പാലം നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. പാലത്തിനു താഴെ ഇരുവശത്തും റോഡുണ്ടാകും. ഒപ്പം വലിയകടയില്‍ പ്രത്യേക ട്രാഫിക് ഐലന്‍ഡും ഉള്‍പ്പെടെയുള്ള രൂപരേഖയാണ് തയാറാക്കിയത്. കേന്ദ്രബജറ്റില്‍ ചിറയിന്‍കീഴ് മേല്‍പാലത്തിന് നേരത്തേ പണം അനുവദിച്ചിരുന്നു. ഭൂമിയേറ്റെടുക്കല്‍ നടത്താത്തതിനാല്‍ ഫണ്ട് ലാപ്സാകുകയും ചെയ്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.