മഴകനത്തു; പൊന്നാംചുണ്ട് പാലം വെള്ളത്തിലായി

വിതുര: ചൊവ്വാഴ്ച രാവിലെ മുതല്‍ പെയ്ത മഴയില്‍ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പെരിങ്ങമ്മല വിതുര റോഡില്‍ വാമനപുരം നദിക്ക് കുറുകെയുള്ളതാണ് പാലം. നദിയില്‍നിന്ന് ഏറെ ഉയരമില്ലാതെ സ്ഥിതിചെയ്യുന്ന പൊന്നാംചുണ്ട് പാലം ചപ്പാത്ത് പാലം എന്നാണ് അറിയപ്പെടുന്നത്. പാലത്തിലൂടെ വാഹനഗതാഗതം നിര്‍ത്തിവെച്ചു. ഏറെക്കാലമായി പുതിയ പാലത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. കൂടാതെ തിരുവനന്തപുരം-തെങ്കാശി റോഡില്‍ പാലോട് കാര്‍ഷിക ഗ്രാമവികസന ബാങ്കിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെടുത്തി. ഇവിടെ ചെറുമഴയത്ത് പോലും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ് വെള്ളം ഒലിച്ച് പോകുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇനിയും പദ്ധതി തയാറാക്കിയിട്ടില്ല. സംരക്ഷണ ഭിത്തി നിര്‍മാണം നടക്കുന്ന പാലോട് വനം റെയ്ഞ്ച് ഓഫിസിന് സമീപം റോഡരികില്‍ വാമനപുരം നദിയില്‍ വെള്ളമുയര്‍ന്നത് ആശങ്കയുയര്‍ത്തുന്നു. അന്തര്‍ സംസ്ഥാനപാതയായ ഇവിടെ നേരത്തേയുണ്ടായ മണ്ണിടിച്ചില്‍ റോഡ് ഇടിയുകയായിരുന്നു. നദിയില്‍ വെള്ളമുയര്‍ന്നതിനാല്‍ ഗതാഗതം പൂര്‍ണമായും മുടങ്ങുമോയെന്ന ആശങ്കയാണ് നാട്ടുകാരും യാത്രക്കാരും പങ്കുവെക്കുന്നത്. ഇവിടത്തെ സ്ഥിതി സംബന്ധിച്ച് ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് വിശദീകരണം തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.