കടല്‍ക്കലിയില്‍ തളര്‍ന്ന് തീരം

വലിയതുറ: തീരത്ത് കടലാക്രമണം ശക്തം. നിരവധി വീടുകളിലേക്ക് വെള്ളം കയറി. അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്നാം നിര വീടുകള്‍ പലതും ഭാഗികമായി തകര്‍ച്ചയുടെ വക്കിലാണ്. തീരദേശ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രധാനറോഡുകള്‍ വെള്ളത്തിനടിയിലായി. കടലാക്രമണം ചെറുക്കാന്‍ സ്ഥാപിച്ച കടല്‍ഭിത്തികള്‍ തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. റവന്യൂ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പൂന്തുറ മുതല്‍ വേളിവരെയുളള തീരദേശമേഖലയില്‍ കടല്‍ ശക്തമായി അടിച്ച് കയറാന്‍ തുടങ്ങിയത്. നേരത്തേ ഉണ്ടായ കടലാക്രമണത്തില്‍ തകര്‍ന്ന ഒന്നാംനിര, രണ്ടാംനിര വീടുകള്‍ക്കിടയിലൂടെ മൂന്നാംനിര വീടുകളിലേക്ക് ശക്തമായി വെള്ളം അടിച്ച് കയറി. വലിയതുറ കുഴിവിളാകംഭാഗത്ത് ശോഭി, ഏലിയാസ്, മെറ്റി, റെയ്മണ്ട്, മണിയന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ചൊവ്വാഴ്ച വെള്ളം കയറിയതോടെ മൂന്നാം നിരയിലെ പല വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. വീടുകള്‍ തകര്‍ന്നവരെ വലിയതുറ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ക്യാമ്പ് പൂട്ടുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. ഭക്ഷ്യധാന്യ വിതരണവും കുടിവെള്ള വിതരണവും നിര്‍ത്തുകയും ചെയ്തു. ക്യാമ്പ് പൂട്ടിയതോടെ ഇവരില്‍ പലരും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ ബന്ധുവീടുകളിലും വാടകവീടുകളിലും നിലവിലെ സ്കൂളിലും അഭയം തേടിയിരിക്കുകയാണ്. പ്രതിഷേധം ശക്തമാകുമെന്ന് മുന്‍കൂട്ടി കണ്ട റവന്യൂ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാന്‍ തയാറായില്ല. ബീമാപള്ളി മേഖലയില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. തുടക്കത്തില്‍ ഉണ്ടായ കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ തീരത്ത് നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനോ കടല്‍ഭിത്തി ബലപ്പെടുത്താനോ അധികൃതര്‍ തയാറായിരുന്നില്ല. കടല്‍ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നതോടെയാണ് തിരമാലകള്‍ അതിശക്തമായി തീരത്തേക്ക് അടിച്ചുകയറി നാശനഷ്ടങ്ങള്‍ വിതക്കുന്നത് .കടല്‍ഭിത്തി ബലപ്പെടുത്താന്‍ തുക അനുവദിച്ചെങ്കിലും ക്വാറി സമരം മൂലം കരിങ്കല്ലുകള്‍ കിട്ടാനില്ലന്നാണ് റവന്യൂ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ട്രയാങ്കിള്‍ കോണ്‍ക്രീറ്റ് പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ തിരമാലകളെ ചെറുക്കാന്‍ കഴിയൂവെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. പ്രധാന റോഡുകള്‍ കനത്ത മഴയില്‍ മുങ്ങിയതോടെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്ന് പകര്‍ച്ചവ്യാധി പിടിപെടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. വിഴിഞ്ഞം തുറമുഖത്ത് വള്ളങ്ങള്‍ തകര്‍ന്നു വിഴിഞ്ഞം: അപ്രതീക്ഷിത കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരുന്ന നൂറോളം വള്ളങ്ങള്‍ക്ക് കേടുപാട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് തുറമുഖത്ത് അടുപ്പിച്ചിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചത്. ഇതില്‍ 50ഓളം വള്ളങ്ങള്‍ക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വലകള്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളും കാണാതായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സീസണ്‍ സമയമായതിനാല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് നിരവധി വള്ളങ്ങള്‍ തുറമുഖത്ത് എത്തിച്ചിരുന്നു. പുലര്‍ച്ചെ അപ്രതീക്ഷിതമായി കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് തീരത്തത്തെിയ മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും വള്ളമിറക്കിയില്ല. കടലില്‍ പോയ കുറച്ചുപേര്‍ മോശം കാലാവസ്ഥ കാരണം തിരിച്ചത്തെി. സീസണ്‍ പ്രതീക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഓര്‍ക്കാപ്പുറത്തുണ്ടായ വള്ളങ്ങളുടെ നാശനഷ്ടം കനത്ത നിരാശയാണ് ഉണ്ടാക്കിയത്. സീസണ് മുന്നോടിയായി വള്ളങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ചാകരക്കോള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. സംഭവമറിഞ്ഞ് എം. വിന്‍സെന്‍റ് എം.എല്‍.എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം, വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സതീശന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തത്തെി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.