അമിത നിരക്ക് വാങ്ങിയെന്ന് ആരോപിച്ച് അറസ്റ്റ്: നീതി തേടി വൃദ്ധന്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചു

തിരുവനന്തപുരം: 70 രൂപ അമിത നിരക്ക് വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത വൃദ്ധന്‍ മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് പുളിയറക്കോണം സ്വദേശി ശശിധരന്‍ നായരാണ് കലക്ടര്‍ ബിജുപ്രഭാകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചത്. കലക്ടറേറ്റിന് മുന്നില്‍ അപേക്ഷ എഴുതിനല്‍കുന്നതാണ് ശശിധരന്‍ നായരുടെ ഉപജീവനം. ഡോക്ടറെകൊണ്ട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാന്‍ 70 രൂപ വാങ്ങിയെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ചില കലക്ടറേറ്റ് ജീവനക്കാരുടെ താല്‍പര്യപ്രകാരമാണ് കലക്ടര്‍ പൊലീസിനെ വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയതന്നെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ വെച്ച് മര്‍ദനമേറ്റു. തൊഴില്‍ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ശശിധരന്‍ നായര്‍ കമീഷനെ ധരിപ്പിച്ചു. അതേസമയം, കലക്ടറേറ്റിലെ കൈക്കൂലിക്കാരായ ചില ഉദ്യോഗസ്ഥരാണ് ശശിധരന്‍ നായരെ അറസ്റ്റ് ചെയ്യിക്കാന്‍ ചരടുവലിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. കലക്ടറേറ്റിലെ റിസപ്ഷന് സമീപം അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തുന്നവരുടെ അപേക്ഷകള്‍ എഴുതിനല്‍കാന്‍ ചിലര്‍ ഇതിനു സമീപത്ത് തമ്പടിക്കാറുണ്ടത്രെ. ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍െറ ഒരുവിഹിതം ഉദ്യോഗസ്ഥന്മാര്‍ക്കും ലഭിക്കും. ചില സേവനങ്ങള്‍ക്ക് ഇവര്‍ കൊള്ളചാര്‍ജ് ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇടനിലക്കാരായി നില്‍ക്കുന്ന ഏജന്‍റുമാരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ശശിധരന്‍ നായര്‍ കലക്ടറേറ്റിന് പുറത്തെ മരച്ചുവട്ടില്‍ ഇരിക്കുന്നത് ഇടനിലക്കാരുടെ ‘കച്ചവടത്തിന്’ തടസ്സമാകുന്നതാണത്രെ വിരോധത്തിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.