ഐരാണിമുട്ടം ആശുപത്രി അവശതയില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍െറ അനാസ്ഥ മൂലം ഐരാണിമുട്ടം സര്‍ക്കാര്‍ ആശുപത്രി അവശതയുടെ കിടക്കയില്‍. പുതിയ ഐ.പി വിഭാഗം കെട്ടിടം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തലസ്ഥാനത്ത് വസൂരി ആശുപത്രി എന്ന നിലയില്‍ പ്രശസ്തമായിരുന്ന ആതുരാലയമാണ് വര്‍ഷങ്ങളായി വികസനം കാത്ത് കിടക്കുന്നത്. പ്രതിദിനം നൂറുകണക്കിനുപേര്‍ ചികിത്സതേടിയത്തെുന്ന ഇവിടെ പ്രവര്‍ത്തിക്കുന്നത് ഒ.പി വിഭാഗം മാത്രമാണ്. അതും ഉച്ചവരെ മാത്രം. ലാബ് സംവിധാനങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതാണ് പ്രധാന തിരിച്ചടി. ജീവനക്കാരുടെ കുറവാണ് പ്രവര്‍ത്തന സമയം നീട്ടുന്നതിന് തടസ്സം. പ്രതിസന്ധികള്‍ തരണംചെയ്യാനാണ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പുതിയ ഐ.പി വിഭാഗം കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. നൂറ് കിടക്കകളുള്ള ഐ.പി വിഭാഗത്തിനാണ് തറക്കല്ലിട്ടത്. നേമം എം.എല്‍.എയായിരുന്ന വി. ശിവന്‍കുട്ടിയുടെ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം നടത്തിയത്. രണ്ടുനില കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും ഉപകരണങ്ങള്‍ എത്തിക്കാനോ പ്രവര്‍ത്തനം ആരംഭിക്കാനോ കഴിഞ്ഞ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പൂര്‍ത്തീകരിച്ച കെട്ടിടം എന്ന് തുറക്കുമെന്ന് ഒരുവിവരവും ഇല്ളെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജീവനക്കാരുടെ കുറവും ആരോഗ്യവകുപ്പിന്‍െറ അനാസ്ഥയും നിലവിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ ഇടപെട്ട് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളും സംഘടനകളും ആവശ്യപ്പെടുന്നു. അതേ സമയം ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ ആര്‍.സി. ബീന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.