ആറ്റിങ്ങല്‍: കലിയടങ്ങാത്ത കടലിന് മുന്നില്‍ നിസ്സഹായരായി മത്സ്യത്തൊഴിലാളികള്‍. കൂടുതല്‍ തീരവാസികള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. അഞ്ചുതെങ്ങ് സെന്‍റ് ജോസഫ് എല്‍.പി.എസില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ക്യാമ്പിലെ വെള്ളക്കെട്ടും അവഗണനയും സംബന്ധിച്ച പത്രവാര്‍ത്തകളത്തെുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ക്യാമ്പിലെ കവാടത്തിലുണ്ടായിരുന്ന മലിനജലക്കെട്ടിന് പൂര്‍ണമായും പരിഹാരം കണ്ടു. റവന്യൂ-ഫിഷറീസ് ഉദ്യോഗസ്ഥരും രൂപതക്ക് കീഴിലുള്ള സന്നദ്ധസംഘടനകളും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. കടലാക്രമണത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പൂര്‍ണമായും നിലംപതിച്ചു. തീരത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം കടലെടുത്ത നിലയിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് റോഡുകളും കടല്‍ കവര്‍ന്നു. ആദ്യഘട്ടത്തില്‍ റോഡിനടിയിലുള്ള മണ്ണ് തിര കവര്‍ന്നു. തുടര്‍ന്ന്, കോണ്‍ക്രീറ്റ് റോഡുകള്‍ പാളികളായി ഇളകിമാറി. നിലവില്‍ കോണ്‍ക്രീറ്റ് പാളികള്‍ കടലിലേക്ക് ഒഴുകിമാറുന്ന അവസ്ഥയാണ്. കടല്‍ഭിത്തിയില്‍നിന്ന് 30 മീറ്റര്‍ അകലെയുണ്ടായിരുന്ന വീടുകള്‍വരെ തകര്‍ന്നു. 30 മീറ്റര്‍വരെ കര പൂര്‍ണമായും കടലെടുത്തു. രണ്ട് കിലോമീറ്ററോളം ഈ അവസ്ഥയിലാണ്. ടെറസ് വീടുകളുടെ അടിയിലൂടെ തിരയടിക്കുന്നുണ്ട്. വീടുകളുടെ അടിഭാഗത്തെ മണല്‍ തിര കവര്‍ന്നതാണ് കാരണം. പുതുതായി ഇരുന്നൂറോളം വീട് കടലാക്രമണഭീഷണി നേരിടുകയാണ്. കടലാക്രമണം ഉണ്ടായ മേഖലകളിലെല്ലാം കടല്‍ഭിത്തി നാമമാത്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച കടല്‍ഭിത്തി ബലക്ഷയം വന്ന് തകര്‍ന്നിരുന്നു. ഇവിടെ കടല്‍ഭിത്തി ശക്തിപ്പെടുത്തിയിരുന്നെങ്കില്‍ വലിയതോതിലുള്ള നാശനഷ്ടം ഒഴിവാക്കാമായിരുന്നു. സമാനരീതിയിലുള്ള തിരയടി സമീപതീരത്തും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, കടല്‍ഭിത്തി ശക്തമായതിനാല്‍ കനത്ത മണ്ണൊലിപ്പ് ഉണ്ടാകുന്നില്ല. തിരയില്‍ കരയിലെ മണ്ണൊലിച്ച് പോകുന്നതോടെ കരപ്രദേശം കടലായി മാറുകയാണ്. തകര്‍ച്ചഭീഷണി നേരിടുന്ന വീടുകളെയും ബാക്കിയുള്ള കരഭാഗത്തെയും സംരക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രമം തുടരുകയാണ്. കരഭിത്തിയോടുചേര്‍ന്ന് തെങ്ങിന്‍തടിയും മറ്റും കുഴിച്ചുനിര്‍ത്തി വടംകൊണ്ട് കെട്ടി മണല്‍ ചാക്കുകള്‍ അടുക്കുകയാണ്. ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാന്‍ ഇത് സഹായിക്കും. എന്നാല്‍, ശക്തമായ തിരയില്‍ ഇതും നശിക്കുന്നതോടെ തീരവാസികള്‍ നിസ്സഹായരാകുന്നു. മറ്റൊരു നിര്‍വാഹവുമില്ലാത്തതിനാലാണ് എത്രതവണ പരാജയപ്പെട്ടിട്ടും പരമ്പരാഗത രീതിയിലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. സ്ത്രീകളും കുട്ടികളും ചാക്കുകളില്‍ മണല്‍ നിറക്കുമ്പോള്‍ പുരുഷന്മാര്‍ കടലില്‍ ഇവ അടുക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട തീരവാസികളുടെ രോഷപ്രകടനങ്ങള്‍ ഉദ്യോഗസ്ഥരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വേലിമുക്ക് മുഖ്യസ്ഥന്‍പറമ്പ് ഭാഗത്ത് വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വാര്‍ഡ് അംഗം ഫിലോമിന ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പ് വിട്ടാല്‍ അവര്‍ക്ക് പോകാന്‍ വീടില്ല. വീടിരുന്ന സ്ഥലംതന്നെ കടലായി മാറിയ അവസ്ഥയിലാണ്. ഫിഷറീസ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വേലിമുക്ക്, മുഖ്യസ്ഥന്‍പറമ്പ് ഭാഗത്ത് കടലാക്രമണം തടയാന്‍ പാറയടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.