തിരുവനന്തപുരം: കോര്‍പറേഷനില്‍ സി.പി.ഐ സംഘടനാ നേതാക്കളെയും വലതുപക്ഷ ജീവനക്കാരെയും കൂട്ടമായി സ്ഥലംമാറ്റി. ഡ്രൈവര്‍മാര്‍ മുതല്‍ സൂപ്രണ്ടുമാര്‍ വരെയുള്ളവര്‍ക്കാണ് സ്ഥാനചലനം. ‘ഭരണപരമായ സൗകര്യാര്‍ഥം’ സ്ഥലമാറ്റുന്നു എന്നാണ് നഗരകാര്യ വകുപ്പിന്‍െറ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം രാഷ്ട്രീയ പ്രേരിതമായ സ്ഥലമാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 12 വര്‍ഷം ഒരോസ്ഥലത്തിരുന്നു ജോലിചെയ്യുന്നവര്‍ ഇപ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ സുരക്ഷിതരെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണസമിതിയുടെ ഇടപെടലും സി.പി.എം സംഘടനയുടെ ഇടപെടലുമാണ് അവര്‍ക്ക് അനുകൂലമായിരിക്കുന്നതത്രെ. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തില്‍ സംഘടനകള്‍ തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. കാസര്‍കോട്, നിലമ്പൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കാണ് ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്. ഇത് അഴിമതിക്ക് വഴിതുറക്കാനുള്ള നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഴിമതിക്കാരെന്ന് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ട ഇടത് സംഘടനാ ഉദ്യോഗസ്ഥര്‍ കോര്‍പറേഷനില്‍ ഒട്ടേറെപേര്‍ ഇപ്പോഴുണ്ട്. ഇവരെ മാറ്റണമെന്ന് നാളുകളായി കൗണ്‍സില്‍ യോഗങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍, ഇതിനു തയാറാകാതെ മേയര്‍ ഉള്‍പ്പെടെ ഭരണസമിതി രാഷ്ട്രീയ പകപോക്കലിന് സര്‍ക്കാര്‍ സ്വാധീനം ഉപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആരോപിക്കുന്നു. വിവിധ വകുപ്പുകളിലെ സീനിയര്‍- ജൂനിയര്‍ ക്ളര്‍ക്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഓഫിസ് അസിസ്റ്റന്‍റുമാര്‍ തുടങ്ങിയവരാണ് മാറ്റിയവരില്‍ ഏറെയും. അതേസമയം, കൂട്ടസ്ഥലംമാറ്റം വിവാദമായത് സി.പി.എം- സി.പി.ഐ തര്‍ക്കത്തിലേക്കും വഴിവെച്ചിരിക്കുകയാണ്. സ്ഥലം മാറ്റപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഏറെയും സി.പി.ഐയുടെ ഉദ്യോഗസ്ഥ സംഘടനയായ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് ഫെഡറേഷന്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി മേയറുടെ ഡൈവ്രറെ ഉള്‍പ്പെടെ മാറ്റിയത് ഇരുകക്ഷികളും തമ്മിലെ തര്‍ക്കത്തിന്‍െറ രൂക്ഷതയാണ് സൂചിപ്പിക്കുന്നത്. സി.പി.ഐ മന്ത്രിമാരുടെ ആവശ്യം പോലും പരിഗണിച്ചില്ളെന്ന ആരോപണവുമുണ്ട്. ഫെഡറേഷന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവിനെയും മാറ്റി. ഇത്തരത്തില്‍ ഭരണം മുന്നോട്ടുപോകില്ളെന്ന് ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള സി.പി.ഐ കൗണ്‍സിലര്‍മാര്‍ മേയറെയും ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാക്കളെയും അറിയിച്ചതായാണ് വിവരം. തിങ്കളാഴ്ച അടിയന്തര എല്‍.ഡി.എഫ് യോഗം വിളിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.