തൊഴുവന്‍കോട്ട് ക്രിമിനല്‍ സംഘങ്ങള്‍ വിഹരിക്കുന്നു

വട്ടിയൂര്‍ക്കാവ്: തൊഴുവന്‍കോട് പ്രദേശത്ത് ക്രിമിനല്‍ സംഘങ്ങള്‍ വിഹരിക്കുന്നു. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെയും കുടുംബത്തെയും ആക്രമിക്കാന്‍ ശ്രമം. തൊഴുവന്‍കോട്, ഇടപ്പറമ്പ്, കാഞ്ഞിരംപാറ പ്രദേശങ്ങളിലാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ക്രിമിനല്‍ സംഘങ്ങള്‍ നിര്‍ഭയം വിഹരിക്കുന്നത്. വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആഭരണങ്ങള്‍, പണം എന്നിവ കവരുന്ന ഈ സംഘത്തെ എതിര്‍ക്കുന്നവരെയും പൊലീസില്‍ പരാതി നല്‍കുന്നവരെയും ക്രൂരമായി ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ആരും പരാതി നല്‍കാറില്ല. ബുധനാഴ്ച അര്‍ധരാത്രി തൊഴുവന്‍കോട് ഇടപ്പറമ്പില്‍ ചിന്നമ്മ ഹൗസില്‍ എല്‍. രാജപ്പന്‍െറ വീട്ടില്‍ അതിക്രമിച്ചുകയറി ഇയാളെയും മകനെയും മാരകായുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാജപ്പന്‍െറ മകന്‍ തൊഴുവന്‍കോട് ബിനു നേരത്തേ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ കാഞ്ഞിരംപാറ വാര്‍ഡില്‍നിന്ന് മത്സരിച്ചിരുന്നു. പ്രദേശത്തെ ക്രിമിനല്‍ സംഘം രണ്ടുമാസം മുമ്പ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ബിനുവിനെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചിരുന്നു. എതിര്‍ത്തുനിന്ന ബിനു സംഭവം പുറത്തുപറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് സൂചന. ഈ സംഭവത്തിനുശേഷം പ്രതികള്‍ ബിനുവിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തുകഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. ബുധനാഴ്ച അര്‍ധരാത്രി മാരകായുധങ്ങളുമായി എത്തിയ എട്ടോളംപേര്‍ രാജപ്പന്‍െറ വീട് വളയുകയും ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ കതക് തുറന്ന് പുറത്തിറങ്ങിയതോടെ ഇവര്‍ ബിനുവിനെ അസഭ്യം വിളിക്കുകയും സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഘം എത്തുന്നതിനു മുമ്പേ ക്രിമിനല്‍ സംഘം സ്ഥലം വിടുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ചതിലുള്ള പക കാരണം രാജപ്പനെയും മകന്‍ ബിനുവിനെയും കൈകാര്യം ചെയ്യുമെന്നും വീടാക്രമിക്കുമെന്നും ഭീഷണി മുഴക്കിയാണ് ക്രിമിനല്‍ സംഘം മടങ്ങിയത്. സംഭവത്തില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുപോലും പ്രതികരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അക്രമിസംഘത്തിലെ പലരും നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. പൊലീസുകാര്‍ക്കും ഇവരെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നാണ് സൂചന. സംഭവം സംബന്ധിച്ച് രാജപ്പന്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് വ്യാഴാഴ്ച പരാതി നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് സത്വരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.